കിളിമാനൂർ: എം സി റോഡിൽ കിളിമാനൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി അഭിനവ് (19)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കോട്ടയം വൈക്കം സ്വദേശിയായ അക്ഷയ് (19)യെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ 4 മണിയോടെ എം.സി.റോഡിൽ കിളിമാനൂർ ഇരട്ടച്ചിറയിൽ ആണ് അപകടം ഉണ്ടായത്. തിരുവനന്തപുരം ഭാഗത്തു നിന്നും കിളിമാനൂർ ഭാഗത്തേയ്ക്ക് വരികയായിരുന്ന യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കും എതിരെയെത്തിയ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടം കണ്ടു നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
പോലീസെത്തി ഇരുവരെയും ആംബുലൻസിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും അഭിനവിന്റെ ജീവൻ രക്ഷിയ്ക്കാനായില്ല. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കോട്ടയം വൈക്കം സ്വദേശിയായ അക്ഷയ് യെ ഗുരുതര പരിക്കുകളോടെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.