കോട്ടയം: കെ.എസ്.ആർ.ടി.സി സർവ്വീസുകൾ എന്നും നഷ്ടത്തിന്റെ കണക്കുകൾ നിരത്തുമ്പോഴും തങ്ങളാലാകും വിധം പിടിവള്ളി നൽകി ആനവണ്ടിയെ നെഞ്ചോട് ചേർത്തു നിർത്തുന്ന ജീവനക്കാരുമുണ്ട് കെ.എസ്.ആർ.ടി.സി യിൽ. താൻ ജോലി ചെയ്യുന്ന എറണാകുളം-കോട്ടയം-മധുര കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റിനു കളക്ഷൻ കളക്ഷൻ കുറവായതോടെ വരുമാനവും യാത്രക്കാരുടെ എണ്ണവും കൂട്ടാൻ യാത്രക്കാരെ നേരിൽകണ്ടും സ്വന്തം ചെലവിൽ നോട്ടീസ് അച്ചടിച്ചു നൽകിയും വ്യത്യസ്തനാകുകയാണ് എറണാകുളം ഡിപ്പോയിലെ ഡ്രൈവർ കം കണ്ടക്ടറായ അനീഷ് തോപ്പിൽ.
കോവിഡ് വ്യാപനത്തിന് മുൻപ് 50000 രൂപ വരെ വരുമാനം ലഭിച്ചിരുന്ന ഈ സർവ്വീസിൽ കോവിഡ് രൂക്ഷമായ കാലത്ത് സർവ്വീസ് നിർത്തി വെയ്ക്കുകയും പിന്നീട് ആരംഭിച്ചപ്പോൾ വരുമാനം 25000 രൂപ വരെ മാത്രം,ആകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ബസ്സിന്റെ സമയവും മറ്റു വിവരങ്ങളുമടങ്ങിയ നോട്ടീസ് സ്വന്തം ചെലവിൽ അച്ചടിച്ചു യാത്രക്കാർക്കും സ്ഥിരം യാത്രികർക്കും വിതരണം ചെയ്യാൻ അനീഷ് തീരുമാനിച്ചത്. എറണാകുളത്തു നിന്നും മധുരയ്ക്കുള്ള സർവ്വീസിൽ മുൻപ് സ്ഥിരം യാത്രക്കാർ ഉണ്ടായിരുന്നു.
തമിഴ് തൊഴിലാളികൾ അധികമായി താമസിക്കുന്ന വാത്തുരുത്തി,തേവര, കടവന്ത്ര ഭാഗങ്ങളിൽ അനീഷ് നേരിട്ടെത്തി എല്ലാവരെയും കണ്ടു നോട്ടീസ് വിതരണം ചെയ്യും. കോവിഡ് കാലത്തിനു മുൻപ് ജോലിക്കായി എറണാകുളത്തെത്തിയിരുന്ന തമിഴ് തൊഴിലാളികൾ ഈ ബസ്സിലായിരുന്നു യാത്ര ചെയ്തിരുന്നത്. കൊച്ചി-മധുര റൂട്ടിൽ നിരവധി ടൂറിസ്റ്റ് ബസ്സുകളും ഇപ്പോൾ സർവ്വീസ് ആരംഭിച്ചിട്ടുണ്ട്. ഇത് കെ.എസ്.ആർ.ടി.സി യുടെ വരുമാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.
എറണാകുളത്തു നിന്നും ആരംഭിക്കുന്ന സർവ്വീസ് വൈക്കം-കോട്ടയം -മുണ്ടക്കയം-കുമളി-കമ്പം -തേനി വഴിയാണ് മധുരയ്ക്ക് സർവ്വീസ് നടത്തുന്നത്. കൊച്ചി-മധുര റൂട്ടിൽ ടൂറിസ്റ്റ് ബസ്സുകൾ 850 രൂപ ഈടാക്കുമ്പോൾ കെ.എസ്.ആർ.ടി.സി യിൽ 341 രൂപയാണ് നിരക്ക്. തൊഴിലാളികളുമായി നേരിൽകണ്ട് സംസാരിക്കുന്ന അനീഷ് ഇവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും എറണാകുളം ഡിപ്പോയിലെ അധികൃതരെ അറിയിക്കാറുമുണ്ട്.