സ്വകാര്യ ബസ് പണിമുടക്ക്: എരുമേലി കെ.എസ്.ആര്‍.ടി.സി ഓപ്പറേറ്റിങ് സെന്ററിന് മികച്ച വരുമാനം.


എരുമേലി: സ്വകാര്യ ബസ് പണിമുടക്ക് ദിനത്തില്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടി എരുമേലി കെ.എസ്.ആര്‍.ടി.സി. ഓപ്പറേറ്റിങ് സെന്റര്‍. സ്വകാര്യ ബസുകള്‍ പണിമുടക്കിയ ദിവസങ്ങളിൽ 12 ഫാസ്റ്റ് സര്‍വീസുകളും 8 ഓര്‍ഡിനറി സര്‍വീസുകളുമാണ് നടത്തിയത്. 26 ന് നാല് ലക്ഷത്തിനു മുകളിലായിരുന്നു വരുമാനം. സാധാരണ ലഭിക്കുന്നതില്‍ നിന്നും ഇരട്ടി വരുമാനമാണ് നേടിയത്.

സ്വകാര്യ ബസ് പണിമുടക്കിനെ തുടര്‍ന്ന് യാത്രക്കാരിലും ഭൂരിഭാഗവും കെ.എസ്.ആര്‍.ടി.സി യെയാണ് ആശ്രയിച്ചത്. നിലവില്‍ യാത്രക്കാര്‍ക്ക് ബസ് കാത്തു നില്‍ക്കുന്നതിനുള്‍പ്പെടെയുള്ള അസൗകര്യങ്ങളുടെ നടുവിലാണ് എരുമേലി ഓപ്പറേറ്റിങ് സെന്ററിന്റെ പ്രവര്‍ത്തനം.

ദിവസേന നൂറുകണക്കിന് യാത്രക്കാര്‍ എത്തിച്ചേരുന്ന സെന്ററില്‍ കംഫര്‍ട്ട് സ്‌റ്റേഷന്‍ പോലും തകരാറിന്റെ പേരില്‍ അടച്ചിട്ടിരിക്കുകയാണ്. ദീര്‍ഘദൂര യാത്രയ്‌ക്കെത്തുന്ന സ്ത്രീകള്‍ക്കാണ് ഇത് ഏറെ ബുദ്ധിമുട്ടാകുന്നത്. ശബരിമല തീര്‍ഥാടനകാലത്ത് ഉള്‍പ്പെടെ മികച്ച വരുമാനം നേടിയെടുക്കുന്ന ഓപ്പറേറ്റിങ് സെന്റര്‍ നിര്‍ത്തലാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.