കോട്ടയം: കേന്ദ്ര തൊഴിൽ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വനം ചെയ്ത 48 മണിക്കൂർ പൊതുപണിമുടക്കിൽ പൂർണ്ണമായി സ്തംഭിച്ചു ജില്ലയിലെ നിരത്തുകൾ. പണിമുടക്കിൽ കെ.എസ്.ആർ.ടി.സി തൊഴിലാളി സംഘടനകളും പങ്കെടുക്കുന്നതിനായി ജില്ലയിലെ നിരത്തുകളിൽ ദീർഘദൂര സർവ്വീസുകളടക്കം കെ.എസ്.ആർ.ടി.സി സർവ്വീസ് നടത്തുന്നില്ല.
ജില്ലയുടെ എല്ലാ മേഖലകളിലും കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്. കെ എസ് ആർ ടി സി, സ്വകാര്യ ബസ്സുകൾ സർവ്വീസ് നടത്തുന്നില്ല, ഓട്ടോ ടാക്സി വാഹനങ്ങളും നിരത്തിലിറങ്ങിയിട്ടില്ല. സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും നാമമാത്രമായി നിരത്തിലിറങ്ങിയിട്ടുണ്ട്. സ്വകാര്യ ബസ്സ് സമരവും തുടർന്ന് വന്ന 48 മണിക്കൂർ ദേശീയ പണിമുടക്കും ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ബാങ്കുകൾ,സർക്കാർ ഓഫീസുകൾ എന്നിവയും പ്രവർത്തിക്കുന്നില്ല.
അവശ്യ സേവനത്തിനായി തുറന്നിരിക്കുന്ന സ്ഥാപനങ്ങളിൽ ജീവനക്കാരുടെ എണ്ണവും കുറവാണ്. ബാങ്ക് ജീവനക്കാരുടെ സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ പണിമുടക്കിൽ പങ്കെടുക്കില്ല എന്ന് എസ്.ബി.ഐ നേരത്തെ വ്യക്തമാക്കിയിരുന്നു. അത്യാവശ്യ യാത്രക്കാരുടെ സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയിരിക്കുന്നത്. നാളെ രാത്രി 12 മണി വരെയാണ് പണിമുടക്ക്. ജില്ലയിലെ വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുകയാണ്.