കോട്ടയം: കോട്ടയത്ത് ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച 4 അംഗ കുടുംബത്തിലെ ഇളയ മകളും മരണത്തിനു കീഴടങ്ങി. കോട്ടയം തലയോലപ്പറമ്പ് ബ്രഹ്മമംഗലത്ത് കാലായില്‍ സുകുമാരന്റെ ഇളയ മകൾ സുവർണ(24) ആണ് ശനിയാഴ്ച്ച രാത്രി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്.
കഴിഞ്ഞ നവംബർ 8 നു രാത്രിയായിരുന്നു തലയോലപ്പറമ്പ് ബ്രഹ്മമംഗലം കാലായില്‍ സുകുമാരനും കുടുംബവും ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ആസിഡ് ഉള്ളിൽ ചെന്ന് അത്യാസന്ന നിലയിലായിരുന്ന സുകുമാരൻ(57), ഭാര്യ സീന (54) മകള്‍ സൂര്യ(27) എന്നിവരാണ് മരിച്ചത്. ആസിഡ് ഉള്ളിൽ ചെന്ന് അത്യാസന്ന നിലയിലായിരുന്ന ഇളയ മകൾ സുവർണ്ണ ചികിത്സയിലായിരുന്നു. സുകുമാരന്റെ ഭാര്യ സീന സംഭവ ദിവസം രാത്രിയിലും മൂത്ത മകളും സുകുമാരനും പിറ്റേ ദിവസവുമാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
ആസിഡ് കുടിച്ചതിനെ തുടർന്ന് അന്നനാളത്തിൽ തകരാറുകൾ സംഭവിച്ചതിനെ തുടർന്ന് ഇളയമകൾ സുവർണ്ണ ചികിത്സയിലായിരുന്നു. വീട്ടിലേക്ക് മടങ്ങിയ സുവര്ണയെ കഴിഞ്ഞ 7 നു വീണ്ടും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നാണ് ശനിയാഴ്ച രാത്രി മരണം സംഭവിച്ചത്. സുകുമാരന്റെ മൂത്തമകൾ സൂര്യയുടെ വിവാഹം നിശ്ചയിച്ചിരുന്നു.
ഇത് മുടങ്ങിയതിന്റെ മാനസിക ബുദ്ധിമുട്ടാകാം ആത്മഹത്യക്ക് പ്രേരിപ്പിച്ചത് എന്നാണ് പ്രാത്ഥമിക നിഗമനം. നവംബർ 8 നു രാത്രി 11 മണിയോടെയാണ് 4 അംഗ കുടുംബം ആത്മഹത്യക്ക് ശ്രമിച്ചത്. സുകുമാരന്റെ മകൾ സുവര്‍ണയാണ് സംഭവ ദിവസം രാത്രി 11 മണിക്ക് സമീപത്തു താമസിക്കുന്ന ഇളയച്ചനോട് വിവരം പറഞ്ഞത്. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.