ചിങ്ങവനം: ഇന്ന് വൈകുന്നേരമുണ്ടായ ശക്തമായ മഴയിലും കാറ്റിലും ചങ്ങനാശ്ശേരി-കോട്ടയം പ്രധാന പാതയിൽ എം സി റോഡിൽ ചിങ്ങവനത്ത് കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ചിരുന്ന പരസ്യ ബോർഡ് മറിഞ്ഞു വീണു. ശക്തമായ കാറ്റിൽ കെട്ടിടത്തിന് മുകളിൽ നിന്നും മറിഞ്ഞു വീണ ബോർഡ് കെട്ടിടത്തിന്റെ മുകൾ ഭാഗത്തു നിന്നും റോഡിലേക്ക് വീഴാവുന്ന രീതിയിൽ അപകടാവസ്ഥയിലായിരുന്നു.
ഇരുചക്ര വാഹനങ്ങളടക്കം കടന്നു പോകുന്ന റോഡിൽ അപ്രതീക്ഷിതമായി റോഡിലേക്ക് ബോർഡ് വീണിരുന്നെങ്കിൽ അപകടം സംഭവിക്കുന്നതിനു സാധ്യത കൂടുതലായിരുന്നു. ഇതുവഴിയെത്തിയ ചിങ്ങവനം പോലീസ് സംഘം അപകടാവസ്ഥ മനസിലാക്കുകയും അപകട മേഖലയ്ക്ക് താഴെ റോഡിൽ പോലീസ് വാഹനം കുറുകെയിട്ടു വാഹനങ്ങൾ എതിർ ഭാഗത്തു കൂടെ കടത്തി വിട്ടു ഗതാഗതം നിയന്ത്രിച്ചു.
പണിമുടക്കായിരുന്നതിനാൽ നിരത്തിൽ വാഹനങ്ങളുടെ തിരക്ക് കുറവായിരുന്നത് ഗതാഗത കുരുക്കുണ്ടാകാതിരിക്കാൻ കാരണമായി. ശക്തമായ മഴയിലും കാറ്റിലും ഇടിയിലും കുട ചൂടി പോലീസ് ഉദ്യോഗസ്ഥർ ഇതുവഴിയെത്തിയ യാത്രക്കാർക്ക് സുരക്ഷിത യാത്രയൊരുക്കി. അപകടാവസ്ഥയിലായ പരസ്യ ബോർഡ് താഴെയിറക്കുന്നതിനു നടപടികൾ സ്വീകരിച്ചതായി പോലീസ് അറിയിച്ചു.