ചങ്ങനാശ്ശേരി വാഹനാപകടം: പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിട്ട ദമ്പതികൾ, വഞ്ഞിപ്പുഴ വീട്ടിൽ മാതാപിതാക്കളുടെ കരുതൽ കരങ്ങളില്ലാതെ ഇനി അമൽ തനിച്ച്!


ചങ്ങനാശ്ശേരി: ജീവിതത്തിൽ ഒന്നിന് പിന്നാലെ ഒന്നായി വീണ്ടും വീണ്ടുമെത്തിയ പ്രതിസന്ധികൾ പുഞ്ചിരിയോടെ നേരിട്ട ദമ്പതികളെ മരണം കവർന്നെടുത്തത് വാഹനാപകടത്തിന്റെ രൂപത്തിൽ. കുറിച്ചി പുത്തൻപാലം സചിവോത്തമപുരം വഞ്ഞിപ്പുഴയിൽ പരേതനായ കുഞ്ഞച്ചൻ-മറിയാമ്മ ദമ്പതികളുടെ മകൻ സൈജു(43) ഭാര്യ ചിങ്ങവനം തോട്ടാത്ര പരേതനായ അന്ദ്രൂസ്-വത്സമ്മ ദമ്പതികളുടെ മകൾ വിബി (40) എന്നിവരാണ് വാഹനാപകടത്തിൽ മരിച്ചത്.

 

എം.സി റോഡിൽ ചങ്ങനാശേരി തുരുത്തി പുന്നമൂട് ജംഗ്ഷനിൽ ഇന്നലെ ഉച്ചക്ക് 3 മണിയോടെയാണ് അപകടം ഉണ്ടായത്. ചങ്ങനാശേരി ഭാഗത്തു നിന്നും അമിത വേഗത്തിൽ എത്തിയ കാർ നിയന്ത്രണം നഷ്ടമായതിനെ തുടർന്ന് കോട്ടയം ഭാഗത്തു നിന്നും എതിർദിശയിൽ എത്തിയ സ്‌കൂട്ടർ യാത്രികരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇരവിപേരൂരിൽ ബന്ധുവിന്റെ സംസ്കാര ചടങ്ങുകൾക്കായി പോകുന്നതിനിടെയാണ് വാഹനാപകടത്തിന്റെ രൂപത്തിൽ ദമ്പതികളെ മരണം കവർന്നെടുത്തത്.

 

അപകടത്തിൽ സ്‌കൂട്ടറിലിടിച്ച ശേഷം കാർ സ്‌കൂട്ടറുമായി നിരങ്ങി സമീപത്തെ കടയിൽ ഇടിച്ചു കയറിയാണ് നിന്നത്. പറവൂർ ഏഴിക്കര സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. വാഹനാപകടത്തിൽ മാതാപിതാക്കളെ മരണം കവർന്നെടുത്തതോടെ വഞ്ഞിപ്പുഴ വീട്ടിൽ മാതാപിതാക്കളുടെ കരുതൽ കരങ്ങളില്ലാതെ ഇനി അമൽ തനിച്ചായിരിക്കുകയാണ്. മാതാപിതാക്കളുടെ മരണ വാർത്തയറിഞ്ഞ അമലിനെ എങ്ങനെ സമാധാനിപ്പിക്കുമെന്നറിയാതെ വിതുമ്പുകയായിരുന്നു ബന്ധുക്കളും നാട്ടുകാരും.

ഇവരുടെ മക്കളായ ഏബലിനെയും സിറിലിനെയും ചെറിയ പ്രായത്തിലാണ് മരണം ഇവരിൽ നിന്നും കവർന്നെടുത്തത്. വലിയ പ്രതിസന്ധികൾ ജീവിതത്തിലുണ്ടായിട്ടും ഇരുവരും പരസ്പരം താങ്ങും തണലുമായി മകൻ അമലിനൊപ്പം ജീവിക്കുകയായിരുന്നു. കുറിച്ചി മന്ദിരം കവലയിൽ വ്യാപാര സ്ഥാപനം നടത്തുകയായിരുന്നു സൈജു. വിബി കുറിച്ചി സെന്റ്.മേരി മഗ്‌ദലീൻസ് ഗേൾസ് ഹൈസ്‌കൂളിൽ ക്ലർക്കായി ജോലി ചെയ്യുകയായിരുന്നു. 

സൈജുവിന്റെ മാതാവ് മറിയമ്മയും ഇവർക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. അപകടത്തിൽ സ്‌കൂട്ടർ യാത്രികരായ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരുവരെയും അപകടം കണ്ടു ഓടിക്കൂടിയ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട്.