കോട്ടയം: നടപ്പു സാമ്പത്തിക വർഷത്തിന്റെ ഡിസംബർ 31ന് അവസാനിച്ച മൂന്നാം പാദത്തിൽ ജില്ലയിലെ വിവിധ ബാങ്കുകൾ 10,987 കോടി രൂപ വായ്പ നൽകിയതായി ജില്ലാതല ബാങ്കിംഗ് അവലോകന സമിതി വിലയിരുത്തി. ഇതിൽ 6652 കോടി രൂപ മുൻഗണനാ മേഖലയ്ക്കാണ് ലഭ്യമാക്കിയതെന്ന് എസ്.ബി.ഐ. കോട്ടയം റീജണൽ മാനേജർ ബി. ബിജേഷ് പറഞ്ഞു.
4440 കോടി രൂപ കാർഷിക മേഖലയ്ക്കും 1672 കോടി രൂപ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയ്ക്കും 540 കോടി രൂപ വിദ്യാഭ്യാസ, ഭവനവായ്പ അടങ്ങുന്ന മറ്റു മുൻഗണന മേഖലയ്ക്കുമാണ് നൽകിയത്. ജില്ലയിലെ ബാങ്കുകളുടെ മൊത്തം വായ്പ നീക്കിയിരിപ്പ് 28284 കോടിയും നിക്ഷേപ നീക്കിയിരിപ്പ് 55797 കോടിയുമാണ്.
ഹോട്ടൽ ഐഡ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി മുഖ്യാതിഥിയായി. ലീഡ് ഡിസ്ട്രിക്ട് മാനേജർ അലക്‌സ് മണ്ണൂരാൻപറമ്പിൽ, ആർ.ബി ഐ.എൽ.ഡി.ഓ. എ.കെ. കാർത്തിക്, നബാർഡ് ഡി.ഡി.എം റെജി വർഗീസ്, ഡി.ഐ.സി. ജനറൽ മാനേജർ ലൗലി എന്നിവർ സംസാരിച്ചു.