കോട്ടയം: അങ്കമാലി-എരുമേലി ശബരി റെയില്‍പ്പാതയുടെ പുതുക്കിയ എസ്റ്റിമേറ്റ് റെയില്‍വയ്ക്ക് സമര്‍പ്പിച്ചു. 3347.35 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പുതിയ എസ്റ്റിമേറ്റ് കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡാണ് തയാറാക്കിയത്.
2017 ല്‍ തയാറാക്കിയ എസ്റ്റിമേറ്റ് 2815 കോടി രൂപയായിരുന്നു. പദ്ധതിച്ചെലവിന്റെ പകുതി വഹിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ സമ്മതിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ എസ്റ്റിമേറ്റ് തയാറാക്കാന്‍ റെയില്‍വേ ബോര്‍ഡ് കെ-റെയിലിനെ ഏല്‍പിച്ചത്. അങ്കമാലി മുതല്‍ രാമപുരം വരെയുള്ള ഭാഗത്തിന്റെ പുതുക്കിയ എസ്റ്റിമേറ്റ് നേരത്തെ സമര്‍പ്പിച്ചിട്ടുണ്ട്.
എന്നാൽ രാമപുരം മുതല്‍ എരുമേലി വരെയുള്ള ഭാഗത്തിന്റെ ഫൈനല്‍ ലൊക്കേഷന്‍ സര്‍വേ പൂര്‍ത്തിയായിരുന്നില്ല. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കെ-റെയില്‍ ലിഡാര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫൈനല്‍ ലൊക്കേഷന്‍ സര്‍വേ പൂര്‍ത്തിയാക്കിയത്.
ഇതിനു ശേഷമാണ് ഇപ്പോള്‍ പാതയുടെ മൊത്തം എസ്റ്റിമേറ്റ് പുതുക്കിയത്. സതേണ്‍ റെയില്‍വേയുടെ ചീഫ് അഡ്മനിസ്‌ട്രേറ്റീവ് ഓഫീസര്‍ (നിര്‍മാണ വിഭാഗം), റെയില്‍വേ ബോര്‍ഡ് അഡീഷണല്‍ മെംബര്‍ (വര്‍ക്‌സ്) എന്നിവര്‍ക്കാണ് പുതുക്കിയ എസ്റ്റിമേറ്റ് കെ-റെയില്‍ സമര്‍പ്പിച്ചത്.