ചങ്ങനാശ്ശേരി: ചങ്ങനാശേരി വാഴൂർ റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ചത് ബൈക്ക് യാത്രികനായ കെ.എസ്.ഇ.ബി കരാർ തൊഴിലാളിയായ യുവാവ്.
മാടപ്പള്ളി ഇല്ലിമൂട് ചിറയില്‍ വീട്ടില്‍ പരേതനായ പൊന്നപ്പന്റെ മകന്‍ എം.പി രതീഷ് (38) ആണ് ചങ്ങനാശേരി വാഴൂർ റോഡിൽ തെങ്ങണ പെരുംപനച്ചിക്ക് സമീപം ഉണ്ടായ അപകടത്തിൽ മരിച്ചത്. ഇന്ന് ഉച്ചക്ക് 2 മണിയോടെ കെ.എസ്.ഇ.ബി കരാർ തൊഴിലാളിയായ രതീഷ് ഇല്ലിമൂട്ടില്‍ ഒടിഞ്ഞു വീണ പോസ്റ്റ് മാറ്റി വൈദ്യുതി പുനഃസ്ഥാപിക്കാനായി പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.
രതീഷിനൊപ്പമുണ്ടായിരുന്ന മറ്റൊരു തൊഴിലാളിക്ക് അപകടത്തിൽ പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ കാർ യാത്രികരായ കാഞ്ഞിരപ്പള്ളി പാറത്തോട് ചൂണ്ടശ്ശേരി വീട്ടില്‍ ജലീല്‍(33), ഭാര്യ നിസാല(27), മക്കള്‍ നസ്രിയ,നൂറിന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. കെ.എസ്.ഇ.ബി തെങ്ങണ സെക്ഷന്‍ പെരുമ്പനച്ചി ഓഫീസിലെ കരാർ തൊഴിലാളിയായിരുന്നു രതീഷ്.
അപകടത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രതീഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഗീതമ്മയാണ് രതീഷിന്റെ മാതാവ്. ഭാര്യ:അംബികാദേവി, കാര്‍ത്തികേയന്‍(6), ദേവു(2) എന്നിവർ മക്കളാണ്.