അയർക്കുന്നം: സംയുകത തൊഴിലാളി സംഘടനകളുടെ 48 മണിക്കൂർ ദേശീയ പണിമുടക്ക് പുരോഗമിക്കുമ്പോൾ ബിവറേജുകൾ അടഞ്ഞു കിടക്കുന്നെങ്കിലും ബിയർ വിൽപ്പന തകൃതി. ബിവറേജസിന്റെ വെയർ ഹൗസിൽ നിന്നും മോഷ്ടിച്ച ബിയർ കുപ്പി ഒന്നിന് 400 രൂപ നിരക്കിൽ വിൽപ്പന നടത്തിയ അയർക്കുന്നം വെയർഹൗസിലെ സെക്യൂരിറ്റി ജീവനക്കാരൻ പുന്നത്തുറ കല്ലുവെട്ട്കുഴിയിൽ ബൈജു (50) വിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
അയർക്കുന്നം ബിവറേജ് വെയർഹൗസിലെ ജീവനക്കാരനായിരുന്ന ഇയാൾ മറ്റു ജോലിക്കാർ അറിയാതെ ബിയർ കുപ്പികൾ മോഷ്ടിച്ചു ശേഖരിച്ചു വെച്ചിരിക്കുകയായിരുന്നു. കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ടി.എ അശോക് കുമാറിന്റെ നിർദേശാനുസരണം പാമ്പാടി എക്സൈസ് റേഞ്ച് ടീം കുരുമ്പാട്ട് കവല ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ കൈവശം നമ്പറും സെക്യൂരിറ്റി ലേബലും പതിയ്ക്കാത്ത ബിയർ കുപ്പികൾ എക്സൈസ് സംഘം പിടിച്ചെടുത്തു.
ഇത്തരത്തിലുള്ള ബിയർ കുപ്പികളാണ് ഇയാൾ വിൽപ്പന നടത്തിയത്. പാമ്പാടി എക്സൈസ് ഇൻസ്പെക്ടർ പി.കെ സതീഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, പ്രിവന്റീവ് ഓഫിസർമാരായ ജെക്സി ജോസഫ്,രഞ്ജിത്ത് കെ.നന്ത്യാട്ട്, പി.വി ബിജു, പാമ്പാടി സിവിൽ എക്സൈസ് ഓഫിസർ എം.എച്ച് ഷെഫീഖ്, പ്രവീൺ കുമാർ, വനിതാ സിവിൽ എക്സൈസ് ഓഫിസർ ശ്രീജ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.