വാവാ സുരേഷിന് അഭയം ചാരിറ്റബിൾ സൊസൈറ്റി വീട് നിർമ്മിച്ചു നൽകും; വി എൻ വാസവൻ.


കോട്ടയം: വാവാ സുരേഷിന് സിപിഐഎം നേതൃത്വം നല്‍കുന്ന അഭയം ചാരിറ്റബിൾ സൊസൈറ്റി വീട് നിർമ്മിച്ചു നൽകുമെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു.

 

മൂർഖന്റെ കടിയേറ്റു കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്ന വാവാ സുരേഷ് ഡിസ്ചാർജ് ആയി വീട്ടിലേക്കു പോകുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ദീർഘനാളായി വാവാ സുരേഷിന്റെ സ്നേഹിതരടക്കമുള്ള എല്ലാവരും ഉന്നയിച്ചിരുന്ന ഒരു ആവശ്യമായിരുന്നു വാവാ സുരേഷിന് ഒരു സുരക്ഷിത ഭവനം നിർമ്മിച്ചു നൽകുക എന്നത്.

 

പലപ്പോഴും ഇതിന് മുന്‍പ് പലരും ഈ നിര്‍ദ്ദേശം മന്നോട്ട് വച്ചെങ്കിലും അദ്ദേഹം സ്‌നേഹപൂര്‍വ്വം നിരസിക്കുകയായിരുന്നു. എന്നാൽ ഇത്തവണ മന്ത്രി വി എൻ വാസവൻ ഇക്കാര്യം വാവാ സുരേഷുമായി സംസാരിക്കുകയും സിപിഐഎം നേതൃത്വം നല്‍കുന്ന അഭയം ചാരിറ്റബിൾ സൊസൈറ്റി വീട് നിർമ്മിച്ചു നൽകുന്നതിന് തീരുമാനമെടുക്കുകയുമായിരുന്നു. അഭയത്തിന്റെ ചുമതലയില്‍ വാവാ സുരേഷിന്റെ അമ്മയുടെ പേരിലുള്ള നാട്ടിലെ ഭൂമിയിലാണ് വീട് നിര്‍മ്മിച്ച് നല്‍കുക എന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.