കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായ ദമ്പതികളുടെ ആരോഗ്യനില മെച്ചപ്പെട്ടു. ഇരുവരുടെയും ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതിയുണ്ടെന്നു കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ടി.കെ ജയകുമാർ പറഞ്ഞു. തൃശൂർ വേലൂർ വട്ടേക്കാട്ട് വീട്ടിൽ സുബീഷ് (42) നാണ് ഭാര്യ പ്രവിജ (39) 8 മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെ കരൾ നൽകിയത്. കരള്‍മാറ്റ ശസ്ത്രക്രിയ്ക്ക് വിധേയരായ ഇരുവരെയും ഇന്നലെ തന്നെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി.
തിങ്കളാഴ്ച്ച രാവിലെ 6 മണിക്കു ആരംഭിച്ച കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ രാത്രി 11 മണിയോടെയാണ് അവസാനിച്ചത്. ശസ്ത്രക്രിയയ്ക്ക് വിധേയരായ ദമ്പതികളിൽ ഇരുവരുടെയും പുരോഗതി തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. അതേസമയം വരുന്ന 5 ദിവസം നിർണ്ണായകമാണ്. മെഡിക്കൽ കോളേജിൽ ആദ്യമായി കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ ഗ്യാസ്‌ട്രോസർജറി വിഭാഗം മേധാവി ഡോ. സിന്ധു രാധയുടെ നേതൃത്വത്തിലാണ് നടന്നത്. ഇരുവരുടെയും കരളിന്റെ പ്രവർത്തനവും രക്തയോട്ടവും നല്ലനിലയിലാണെന്നും ആരോഗ്യ പ്രശനങ്ങളില്ലെങ്കിൽ പ്രവിജയെ 3 ദിവസം കഴിഞ്ഞും സുബീഷിനെ 3 ആഴ്ച കഴിഞ്ഞും തീവ്രപരിചരണ വിഭാഗത്തിൽ നിന്നും മുറിയിലേക്ക് മാറ്റുമെന്നും ഡോക്ടർമാർ പറഞ്ഞു.
ശരീരത്തിൽ അണുബാധയേൽക്കാതെ സൂക്ഷിക്കുകയാണ് പ്രധാനം. ശരീരത്തിന്റെ പ്രതികരണത്തെ നിയന്ത്രിക്കുന്നതിനുള്ള മരുന്നുകൾ മാത്രമാണ് ഇപ്പോൾ നൽകുന്നതെന്ന് ഡോ.ടി.കെ ജയകുമാർ പറഞ്ഞു. പ്രവിജയ്ക്ക് ഒരു മാസത്തെ വിശ്രമമവും സുബീഷിനു 3 മാസത്തെ വിശ്രമവും ആവശ്യമാണ്. ശസ്ത്രക്രിയക്ക് വിധേയനായ സുബീഷുമായും ദാതാവായ ഭാര്യ പ്രവിജയുമായി ആരോഗ്യ മന്ത്രി വീണാ ജോർജ്, സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ എന്നിവർ ഫോണിൽ സംസാരിച്ചു.
ഇരുവരുടെയും ആരോഗ്യത്തിനായി പ്രാർത്ഥനയിലാണ് തൃശൂർ കുന്നംകുളം വേലൂർ ഗ്രാമം. മാതാപിതാക്കൾ തിരികെയെത്തുന്നതും കാത്തിരിക്കുകയാണ് മക്കൾ ആര്യനന്ദ(ഉണ്ണിമോൾ-11)യും അപ്പു(6)വും. സുബീഷിന്റെ സഹോദരി മായയും ഭർത്താവ് ഉണ്ണിക്കുട്ടനും ബന്ധുവായ ശ്രീജനുമാണ് ആശുപത്രിയിൽ ഇവർക്കൊപ്പമുള്ളത്. മെഡിക്കല്‍ കോളേജിലൂടെ ജനങ്ങള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കാന്‍ വേണ്ടി ഇടതു മുന്നണി സര്‍ക്കാര്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളിലെ തിളക്കമാര്‍ന്ന ഏടാണിത് എന്നും വരും കാലങ്ങളില്‍ കൂടുതല്‍ രോഗികള്‍ക്ക് ആശ്വാസമായി ഇത് മാറുമെന്നും സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു.
ഗ്യാസ്‌ട്രോസർജറി വിഭാഗം മേധാവി ഡോ. സിന്ധുവിന്റെ നേതൃത്വത്തിൽ 29 ഡോക്ടർമാരും 9 ടെക്‌നീഷ്യന്മാരും ഉൾപ്പെടുന്ന സംഘമാണ് ശസ്ത്രക്രിയ വിജയകരമായിപൂർത്തീകരിച്ചത്. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ സര്‍ക്കാര്‍ മേഖലയിലെ നിര്‍ണായക ചുവടുവയ്പ്പാണിത് എന്ന് മെഡിക്കൽ കോളേജ് സന്ദർശിച്ച ശേഷം ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.