ഈരാറ്റുപേട്ട : സ്‌കൂൾ ക്യാമ്പസിൽ പാറിപ്പറക്കുന്ന പക്ഷികൾക്ക് ഈ വേനൽക്കാലത്ത് ദാഹമകറ്റാം. ഈരാറ്റുപേട്ട മുസ്ലിം ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ക്യാമ്പസിൽ പാറിപ്പറക്കുന്ന പക്ഷികള്‍ക്ക് ദാഹമകറ്റുന്നതിനായി പാത്രങ്ങളില്‍ ജലം നിറച്ചു തുടങ്ങി.
വേനല്‍ കാലങ്ങളില്‍ പക്ഷികൾക്ക് ജലം നല്‍കുന്നതിനായി ക്യാമ്പസിലെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന മണ്‍പാത്രങ്ങളിലാണ് വെള്ളം നിറയ്ക്കുന്നത്. ധാരാളം പക്ഷികൾ ഇവിടെയെത്തി ദാഹം തീര്‍ക്കുന്ന കാഴ്ച്ച കൗതുകകരമാണ്.
നമ്മുടെ പരിസ്ഥിതിയെയും ജീവജാലങ്ങളെയും സംരക്ഷിക്കുക എന്നത് നമ്മുടെ നിലനില്‍പ്പിന്റെ ഭാഗമാണെന്ന തിരിച്ചറിവ് വിദ്യാര്‍ത്ഥികള്‍ക്ക് പകരുകയാണ് പദ്ധതിയുടെ ലക്ഷ്യം. സി.പി.ഒ. പി.എസ്. റമീസ്, എ.സി.പി.ഒ. രഹന ബഷീര്‍ എന്നിവര്‍ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‍കി.