പാലാക്കാട്: മലമ്പുഴയിലെ പാറയിടുക്കിൽ 43 മണിക്കൂറിലേറെ കുടുങ്ങിക്കിടന്ന ബാബുവിന്(23) ജീവിതത്തിലേക്ക് തിരികെയെത്തിയ നിമിഷം പറഞ്ഞറിയിക്കാനാകാത്ത സന്തോഷത്തിന്റെ അസുലഭനിമിഷമാണ്. ഒപ്പം കോട്ടയത്തിനും ഇത് അഭിമാനനിമിഷമാണ് സമ്മാനിക്കുന്നത്.
കോട്ടയം ഏറ്റുമാനൂർ സ്വദേശിയും രക്ഷാപ്രവർത്തനത്തിന് എത്തിയ കരസേനാ സംഘത്തിലെ ഏക മലയാളിയുമായ ലഫ്.കേണൽ ഹേമന്ത് രാജിന്റെ നേതൃത്വത്തിലുള്ള സൈനിക സംഘമാണ് രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ബാബുവിന് അരികെ എത്തിയ സൈനികർ കുടിക്കാൻ വെള്ളം നൽകിയ ശേഷം സുരക്ഷാ ബെൽറ്റുകൾ, ഹെൽമെറ്റ് എന്നിവ ധരിപ്പിച്ചു മുകളിലേക്ക് കയറ്റുകയായിരുന്നു.
ബാബുവിന് പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. സൈനികനായ ബാലയാണ് ബാബുവിന് അരികെയെത്തി സുരക്ഷാ ബെൽറ്റും ഹെൽമെറ്റും നൽകി സുരക്ഷിതമായി മുകളിലേക്ക് എത്തിച്ചത്. കരസേനയുടെ ദക്ഷിൺ ഭാരത് ജനറൽ ഓഫീസർ കമന്റിങ് ലഫ്.ജനറൽ എ അരുൺ, കേണൽ ശേഖർ അത്രി തുടങ്ങിയവരടങ്ങിയ വിദഗ്ദ്ധ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. മദ്രാസ് റെജിമെന്റൽ സെന്ററിൽ സേവനമനുഷ്ഠിക്കുന്ന ലഫ്.കേണൽ ഹേമന്ത് രാജിന് രാഷ്ട്രപതിയുടെ വിശിഷ്ടസേവാ മെഡൽ ലഭിച്ചിട്ടുണ്ട്. ഏറ്റുമാനൂർ മുത്തുച്ചിപ്പി വീട്ടിൽ റിട്ട.എക്സൈസ് ഓഫീസർ ടി കെ രാജപ്പന്റെയും സി എസ് ലതികാഭായിയുടെയും മകനാണ് ഹേമന്ദ് രാജ്.
2018 ലെയും 2019 ലെയും കേരളത്തിലെ പ്രളയ രക്ഷാ പ്രവർത്തനങ്ങൾക്ക് ഇദ്ദേഹം നേതൃത്വം നൽകിയിരുന്നു. 2018 ലെ പ്രളയ രക്ഷാ പ്രവർത്തനങ്ങൾക്കാണ് ഇദ്ദേഹത്തിന് രാഷ്ട്രപതിയുടെ വിശിഷ്ടസേവാ മെഡൽ ലഭിച്ചത്. മുൻരാഷ്ട്രപതി ഡോ.എ പി ജെ അബ്ദുൽ കലാമിന്റെ ആർമി ഗാർഡ് കമാൻഡറായി രാഷ്ട്രപതി ഭവനിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 72 -ാം റിപ്പബ്ലിക്ക് ദിനത്തിൽ തമിഴ്‌നാട്ടിലെ റിപ്പബ്ലിക്ക്ദിന പരേഡ് നയിച്ചതും ഹേമന്ത് രാജ് ആണ്. ''ബാബു നിങ്ങൾ ഭയക്കരുത് ഞങ്ങൾ കൈപിടിക്കും'' എന്നായിരുന്നു ലഫ്.കേണൽ ഹേമന്ത് രാജ് ഉൾപ്പെട്ട സംഘം ബാബുവിന് നൽകിയ ആദ്യ സന്ദേശം. മദ്രാസ് റെജിമെന്റിലെ സൈനികർ, പാരാ റെജിമെൻറ് സെന്ററിലെ സൈനികർ, വ്യോമസേനാ, കോസ്റ്റ് ഗാർഡ്, കേരാളാ പോലീസ് ,ഫയർ ഫോഴ്‌സ്, എൻഡിആർഎഫ് സംഘം, വനം വകുപ്പ്, മെഡിക്കൽ സംഘം തുടങ്ങി നിരവധി വിഭാഗങ്ങളാണ് രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായത്.