പാലാ: കോവിഡ് വ്യാപനം മൂലം നിർത്തി വെച്ചിരുന്ന മലക്കപ്പാറ ജംഗിൾ സഫാരി പാലാ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും പുനരാരംഭിക്കുന്നു. ഈ ശനിയാഴ്ച പാലായിൽ നിന്നും മലക്കപ്പാറയ്ക്ക് വിനോദയാത്ര ട്രിപ്പ് സജ്ജീകരിച്ചിട്ടുണ്ട്. ഏകദിന വിനോദ യാത്രയ്ക്കായി താത്പര്യമുള്ളവർ ഉടൻ തന്നെ സീറ്റുകൾ ബുക്ക് ചെയ്യേണ്ടതാണ്.
മലക്കപ്പാറയിലേക്ക് ഒരു ദിവസത്തെ കിടിലൻ ഉല്ലാസയാത്രയൊരുക്കിയ പാലാ കെഎസ്ആർടിസിയുടെ ട്രിപ്പ് ഇതിനോടകംതന്നെ സഞ്ചാരികൾ ഏറ്റെടുത്തു കഴിഞ്ഞിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായതോടെ താത്കാലികമായി നിർത്തി വെച്ചിരുന്ന സർവ്വീസ് ആണ് ഈ ശനിയാഴ്ച മുതൽ വീണ്ടും പുനരാരംഭിക്കുന്നത്. അഞ്ചിലധികം പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു വിസ്മയ കാഴ്ച്ചകൾ ആസ്വദിച്ചു തിരികെയെത്താവുന്ന ഒരു ദിവസത്തെ ഉല്ലാസയാത്രയാണ് കെ എസ് ആർ ടി സി ഒരുക്കുന്നത്.
കുടുംബസമേതവും കൂട്ടുകാർക്കൊപ്പമോ കുറഞ്ഞ ചിലവിൽ ഒരു കിടിലൻ ഏകദിന ട്രിപ്പ് എന്നതാണ് മലക്കപ്പാറ യാത്രയുടെ ശ്രദ്ധാ കേന്ദ്രം. പാലാ കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നുമാണ് സർവ്വീസ് ആരംഭിക്കുന്നത്. അതിരപ്പള്ളി, വാഴച്ചാൽ, ഷോളയാർ, വഴി മലക്കപ്പാറയ്ക്കാണ് പ്രത്യേക വിനോദയാത്രാ സർവ്വീസ് നടത്തുന്നത്. വെള്ളച്ചാട്ടങ്ങളുടെ ഭംഗിയും മഴക്കാടുകളുടെ കുളിർമ്മയും പുൽമേടുകളിൽ മേയുന്ന സഹ്യൻ്റെ മക്കളേയും കാണാനും അവിസ്മരണീയ വിസ്മയ കാഴ്ച്ചകൾ അനുഭവിച്ചും മലക്കപ്പറയിലെത്താം.രാവിലെ 6 മണിക്ക് പുറപ്പെട്ട് വൈകുന്നേരം തിരികെ വരുന്ന തരത്തിലാണ് ട്രിപ്പ് ക്രമീകരിച്ചിരിക്കുന്നത്.