തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതികൾക്ക് അംഗീകാരം, തുക വിനിയോഗത്തിൽ കോട്ടയം ജില്ലയ്ക്ക് മൂന്നാം സ്ഥാനം.


കോട്ടയം: കോട്ടയം ജില്ലയിലെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും വാർഷിക പദ്ധതി  ഭേദഗതികൾക്ക് അംഗീകാരം ലഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മിയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗമാണ് പദ്ധതികൾക്ക് അംഗീകാരം നൽകിയത്.

 

പദ്ധതി തുക വിനിയോഗത്തിൽ കോട്ടയം ജില്ല മൂന്നാം സ്ഥാനത്താണ്. 50.83 ശതമാനം തുകയുടെ വിനിയോഗമാണ് നടന്നത്. ഗ്രാമ, ബ്ലോക്കു പഞ്ചായത്തുകൾ യഥാക്രമം 56.35, 52.85 ശതമാനം ചെലവഴിച്ച സാഹചര്യത്തിൽ ഈ തലത്തിൽ   അഞ്ചാം സ്ഥാനത്തും ജില്ലാ പഞ്ചായത്ത് തലത്തിൽ 33.48 ശതമാനം ചെലവഴിച്ച്  എട്ടാം സ്ഥാനത്താണ് ജില്ല.

 

മുനിസിപ്പാലിറ്റികളുടെ കാര്യത്തിൽ ഒൻപതാം സ്ഥാനത്താണ്. 43.79 ശതമാനമാണ് വിനിയോഗിച്ചത്. പാലിയേറ്റീവ് കെയർ പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് അനുവദിച്ച 60 ലക്ഷം രൂപയുടെ  വിഹിതം കൈപ്പറ്റുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് പഞ്ചായത്തുകൾക്ക് നിർദേശം നൽകി. പ്രാദേശിക വികസന പദ്ധതികളുടെ വിശദമായ പദ്ധതി-പഠന റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിന് സേവന സന്നദ്ധതയുള്ള വിദഗ്ദ്ധരേയും ഗവേഷണ സ്ഥാപനങ്ങളേയും ഉൾപ്പെടുത്തി രൂപീകരിക്കുന്ന റിസോഴ്‌സ് ഗ്രൂപ്പ് അംഗങ്ങളുടെ പട്ടിക ആസൂത്രണ സമിതി അംഗീകരിച്ചു. ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ സി.എൻ. സുഭാഷ് പദ്ധതികളുടെ പുരോഗതി റിപ്പോർട്ടവതരിപ്പിച്ചു. ഓൺലൈൻ മുഖേന നടന്ന യോഗത്തിൽ ജില്ലാ ആസൂത്രണ സമിതിയംഗങ്ങൾ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.