കോട്ടയം: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി കോട്ടയം ജില്ലയിൽ നാളെ 1296 ബൂത്തുകളിൽ പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യും. നാളെ രാവിലെ 9 മണിക്ക് കോട്ടയം ജനറൽ ആശുപത്രി എൻ.എച്.എം ഹാളിൽ പോളിയോ തുള്ളിമരുന്ന് വിതരണം ജില്ലാതല ഉത്‌ഘാടനം സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവ്വഹിക്കും. ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ അധ്യക്ഷത വഹിക്കും.
കോട്ടയം ജില്ലയിലെ അഞ്ചു വയസ് വരെയുള്ള 1.08 ലക്ഷത്തിലധികം കുട്ടികൾക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകൾ വഴി പോളിയോക്കെതിരായ തുള്ളിമരുന്ന് നൽകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ അറിയിച്ചു. കോവിഡ് സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ചെയ്യുക എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.പ്രിയ പറഞ്ഞു. സ്‌കൂളുകള്‍, അങ്കണവാടികള്‍, വായനശാലകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ബൂത്തുകള്‍, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലെ ട്രാന്‍സിറ്റ് ബൂത്തുകള്‍, അതിഥി തൊഴിലാളികളുടെ ക്യാമ്പുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ മൊബൈല്‍ ബൂത്തുകള്‍ എന്നിവ വഴിയാണ് തുള്ളിമരുന്ന് വിതരണം നടത്തുന്നത്.
തുളളിമരുന്ന് വിതരണം ചെയ്യുന്നതിനായി ആരോഗ്യ പ്രവർത്തകർക്കും വോളണ്ടിയര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും പ്രത്യേക പരിശീലനം നല്‍കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. രാവിലെ 8 മണി മുതല്‍ വൈകിട്ട് 5 മണി വരെ ബൂത്തുകൾ പ്രവർത്തിക്കും. പോളിയോ ബൂത്തിലുള്ളവരും കുട്ടികളെ കൊണ്ടുവരുന്നവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ബൂത്തുകളില്‍ കുട്ടികളുമായി എത്തുമ്പോള്‍ കൈകള്‍ അണുവിമുക്തമാക്കുകയും ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. കോവിഡ് മാര്‍ഗ നിര്‍ദേശങ്ങളനുസരിച്ച് തുള്ളിമരുന്ന് വിതരണം നടത്തുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ജില്ലയിൽ നടത്തിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ പൂര്‍ണ സഹകരണത്തോടെയാണ് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ സംഘടിപ്പിക്കുന്നത്. ബൂത്തുകളിലെ തിരക്ക് ഒഴിവാക്കുവാനായി ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുന്ന സമയത്ത് കുട്ടികളെ കൊണ്ടുപോയി തുള്ളിമരുന്ന് നല്‍കാന്‍ അമ്മമാര്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. കേരളത്തിൽ രണ്ടായിരത്തിനു ശേഷവും രാജ്യത്ത് 2011 നു ശേഷവും പോളിയോ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. 2014 മാർച്ചിൽ ലോകാരോഗ്യ സംഘടന രാജ്യത്തെ പോളിയോ മുക്തമായി പ്രഖ്യാപിച്ചു കഴിഞ്ഞു. എങ്കിലും അയൽ രാജ്യങ്ങളിൽ പോളിയോ രോഗം ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ രോഗസാധ്യത ഒഴിവാക്കാനാണ് മരുന്ന് നൽകുന്നത്. അഞ്ചു വയസിനു താഴെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ തുള്ളിമരുന്നു നൽകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.പ്രിയ പറഞ്ഞു.