കോട്ടയം: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ്അച്ചന്റെ സ്മരണയ്ക്കായി മാന്നാനത്ത് മ്യൂസിയം നിർമിക്കുന്നതിനു സാംസ്‌കാരിക വകുപ്പ് 1 കോടി 10 ലക്ഷം രൂപ അനുവദിച്ചതായി സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു.. ഇതാദ്യമായാണ് സർക്കാർ ധനഹായത്തിൽ ചാവറയച്ചന് സ്മാരകം ഒരുങ്ങുന്നത്.
ചാവറയച്ചന്റെ കബറിടം സ്ഥിതിചെയ്യുന്ന ദേവാലയവും അദ്ദേഹത്തിന്റെ ആശയത്തിൽ രൂപീകരിക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന മാന്നാനത്ത് ഉചിതമായ ഒരു സ്മാരകം നിർമ്മിക്കണം എന്ന നിർദേശം മുഖ്യമന്ത്രി, ധനകാര്യമന്ത്രി, സാംസ്‌കാരിക മന്ത്രി എന്നിവരുടെ ശ്രദ്ധയിപ്പെടുത്തിയിരുന്നതായി മന്ത്രി പറഞ്ഞു. മ്യൂസിയം നിർമിക്കുന്നതിനു വേണ്ടിയുള്ള പദ്ധതി റിപ്പോർട്ട് തയാറാക്കുന്നതിനാണ് 10 ലക്ഷം രൂപ. ചാവറയച്ചൻ 1846ൽ ആരംഭിച്ച സെന്റ് ജോസഫ് പ്രസ് സ്ഥിതി ചെയ്യുന്ന മന്ദിരം പഴമ നിലനിർത്തിക്കൊണ്ടു നവീകരിച്ചാണ് മ്യൂസിയം നിർമിക്കുക.
കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിനു വഴിതെളിയിച്ചവരിൽ ഒരാളാണ് വിശുദ്ധ ചാവറയച്ചൻ. കത്തോലിക്കാ സഭയുടെ 'ഓരോ പള്ളിയോടു ചേർന്ന് പള്ളികൂടം' എന്ന ആശയം നടപ്പിൽ വരുത്തിയത് ഇദ്ദേഹത്തിന്റെ ശ്രമഫലമായിരുന്നു. സ്‌കൂളുകൾ സ്ഥാപിക്കുക മാത്രമല്ല ജാതിമത വർണ വർഗ വ്യത്യാസമില്ലാതെ എല്ലാവർക്കും പ്രവേശനവും അനുവദിച്ചു. പഠനോപകരണങ്ങളും ഉച്ചക്കഞ്ഞിയും സ്‌കൂളിൽ കുട്ടികൾക്കായി നൽകി. സ്ത്രീ സമത്വത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിലും മുൻനിരയിലായിരുന്നു അദ്ദേഹം എന്ന് വി എൻ വാസവൻ പറഞ്ഞു. സങ്കുചിത ചിന്തകൾ അരങ്ങുവാണിരുന്ന കാലത്ത് ചാവറയച്ചൻ നടത്തിയ പ്രവർത്തനങ്ങൾ അനുകരണീയമായ മാതൃക മാത്രമല്ല പുതുതലമുറയ്ക്ക് പുരോഗമന ചിന്ത വളർത്തിയെടുക്കാനുള്ള ഊർജ്ജവുമാണ്. അതുകൊണ്ടു തന്നെ ചാവറയച്ചന്റെ പ്രവർത്തനങ്ങൾ അടുത്ത തലമുറയ്ക്ക് പകരാൻ അർത്ഥവത്തായ ഒരു സ്മാരകം ആവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു.