കോട്ടയം തിരുനക്കര മൈതാനത്ത് അക്രമി സംഘം വെടിയുതിർത്തു, ബോംബ് ഭീഷണിയിൽ പോലീസിന്റെ പരിശോധന, 2 പേരെ പോലീസ് കീഴടക്കി.


കോട്ടയം: കോട്ടയം തിരുനക്കര മൈതാനത്ത് അക്രമി സംഘം വെടിയുതിർത്തു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. മുഖം മൂടി ധരിച്ചു തിരുനക്കര മൈതാനത്ത് എത്തിയ 3 പേരാണ് അവിടെ ഉണ്ടായിരുന്ന നാട്ടുകാരിൽ ചിലരുമായി തർക്കമാകുകയും ഏറ്റുമുട്ടുകയും ചെയ്തത്.

 

തർക്കം മൂത്തതോടെ അക്രമി സംഘം രണ്ടു വട്ടം വെടിയുതിർക്കുകയായിരുന്നു. സംഭവമറിഞ്ഞ നാട്ടുകാർ തടിച്ചു കൂടിയതോടെ സ്ഥലത്തുണ്ടായിരുന്നവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്ത് വലിയ പോലീസ് സന്നാഹമാണ് എത്തിയത്. പോലീസ് എത്തിയതോടെ അക്രമികളിൽ ഒരാൾ ഒരു നാട്ടുകാരനെ ബന്ദിയാക്കുകയും തന്റെ കൈവശമുള്ള ബാഗിൽ ബോംബ് ഉണ്ടെന്നു പറയുകയുമായിരുന്നു. തിരുനക്കര മൈതാനം വളഞ്ഞ പോലീസ് അതിസാഹസികമായി അക്രമികളെ കീഴടക്കുകയായിരുന്നു. രണ്ടു പേരെ പോലീസ് കീഴടക്കി വാഹനത്തിൽ കയറ്റി.

 

പക്ഷെ മൂന്നാമൻ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നഗരത്തിന്റെ ഹൃദയ ഭാഗത്ത് ബോംബ് ഭീഷണിയുണ്ടെന്നറിഞ്ഞു ബോംബ് സ്‌ക്വാഡ് സ്ഥലത്ത് പരിശോധന നടത്തി. അക്രമി സംഘങ്ങളിൽ നിന്നും ബാഗുകൾ പിടിച്ചെടുത്തു. ഒരു ചെറിയ ഭീകരാക്രമണം എന്നോ ബോംബ് സ്ഫോടനമോ ഉണ്ടായേക്കാവുന്ന രീതിയിലുള്ള സംഭവങ്ങൾ അരങ്ങേറിയത് പോലീസിന്റെ സുരക്ഷാ പരിശോധനയുടെ ഭാഗമായുള്ള മോക്ക് ഡ്രിൽ ആയിരുന്നു എന്നത് അവസാനം മാത്രമാണ് തടിച്ചു കൂടിയ ജനം മനസ്സിലാക്കിയത്. പോലീസ് സേനയിൽ പോലും അധികമാരും അറിയാതെ നടത്തിയ ഒരു സുരക്ഷാ പരിശോധനയായിരുന്നു ഇന്ന് നടന്നത്. അവസാനമാണ് നാട്ടുകാർക്കും ശ്വാസം നേരെ വീണത്.