ഇടത് കൗൺസിലർമാരുടെ വാർഡുകളിൽ പ്രവർത്തന ഫണ്ട് അനുവദിക്കുന്നില്ല, കോട്ടയം നഗരസഭാ ചെയർപേഴ്‌സണെ ഇടത് കൗൺസിലർമാർ പൂട്ടിയിട്ടു.


കോട്ടയം: കോട്ടയം നഗരസഭയിൽ ഭരണ-പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ പോർവിളി. ഇടത് കൗൺസിലർമാരുടെ വാർഡുകളിൽ പ്രവർത്തന ഫണ്ട് അനുവദിക്കുന്നില്ല എന്ന് ആരോപിച്ചു കോട്ടയം നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റിയനെ ഇടത് കൗൺസിലർമാർ ക്യാബിനുള്ളിൽ പൂട്ടിയിട്ടു. ഭരണ-പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിക്കുകയും വലിയ തർക്കങ്ങളിലേക്കാണ് കാര്യങ്ങൾ അടുക്കുന്നത്.

 

പ്രവർത്തന ഫണ്ട് അനുവദിക്കാത്തതുമായി ബന്ധപ്പെട്ടു നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനിലിന്റെ നേതൃത്വത്തിൽ കൗൺസിലർമാർ ചെയര്പേഴ്സന്റെ ക്യാബിനിൽ എത്തി ചർച്ച നടത്തുന്നതിനിടെ തർക്കം മുറുകുകയും തുടർന്ന് ഇവർ ക്യാബിനു അകത്തു നിന്നും ചെയർപേഴ്സണെ പൂട്ടിയിടുകയുമായിരുന്നു. ചെയർപേഴ്സൺ ബിൻസി സെബാസ്റ്റിയന് പിന്തുണയുമായി യുഡിഎഫ് കൗൺസിലർമാരും എത്തിയിട്ടുണ്ട്. വാതിലിനു വെളിയിൽ മുദ്രാവാക്യം വിളികൾക്കും ബലപ്രയോഗത്തിനും ശേഷമാണ് എൽഡിഎഫ് കൗൺസിലർമാർ വാതിൽ തുറന്നു നൽകിയത്.

 

തുടർന്ന് അകത്തേക്ക് കയറിയ യുഡിഎഫ് കൗൺസിലർമാരും ഇടത് കൗൺസിലർമാരും തമ്മിൽ തർക്കം രൂക്ഷമാകുകയായിരുന്നു. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. തർക്കങ്ങൾ രൂക്ഷമായതോടെ പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇടത് കൗൺസിലർമാരുടെ വാർഡുകളിലേക്ക് പ്രവർത്തന ഫണ്ട് അനുവദിക്കുന്നില്ല എന്ന പരാതി ഇതിനുമുൻപും ഉയർന്നിരുന്നു. വിവിധ പദ്ധതികൾക്കായി തുക ഡെപ്പോസിറ്റ് ചെയ്തിട്ടും ഇടത് കൗൺസിലർമാരുടെ ഒരു വാർഡിൽ പോലും തുക അനുവദിച്ചിട്ടില്ല എന്ന് അഡ്വ. ഷീജാ അനിൽ പറഞ്ഞു. നഗരസഭയിലെ പദ്ധതികൾ എല്ലാ വാർഡുകളിലും എല്ലാ കൗണ്സിലര്മാര്ക്കും തുല്യ പരിഗണനയോടെ മാത്രമാണ് നടപ്പിലാക്കുന്നത് എന്ന് ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ പറഞ്ഞു.