കുഷ്ഠരോഗ ബോധവത്കരണം: കോട്ടയം ജില്ലയിൽ ഓട്ടൻതുള്ളൽ പര്യടനം തുടങ്ങി


കോട്ടയം: ജില്ലയിൽ കുഷ്ഠരോഗ ബോധവത്കരണത്തിന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓട്ടം തുള്ളൽ പര്യടനം ആരംഭിച്ചു. രാമപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഉഴവൂർ ബ്‌ളോക്ക് പഞ്ചായത്ത്് പ്രസിഡന്റ് ബൈജു ജോൺ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് അധ്യക്ഷത വഹിച്ചു.

 

ഡെപ്യൂട്ടി ഡി.എം.ഓ. ഡോ. പി.എൻ. വിദ്യാധരൻ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ജോൺസൻ പുളിക്കിൽ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ, രാമപുരം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.വി.എൻ. സുകുമാരൻ, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ എന്നിവർ പ്രസംഗിച്ചു. ഉച്ചയ്ക്ക് 12 ന് ഉഴവൂർ സെന്ററിൽ നടന്ന ബോധവത്കരണ പരിപാടി ഉഴവൂർ ബ്ലോക്ക് പഞ്ചയാത്ത് വൈസ് പ്രസിഡന്റ് സിന്ധുമോൾ ജേക്കബ് ഉദ്ഘാടനം ചെയ്തു.

 

ഉച്ചകഴിഞ്ഞ് 2.30 നു ദേവമാതാ കോളജിൽ നടന്ന പരിപാടി പ്രിൻസിപ്പൽ സുനിൽ എം. മാത്യു ഉദ്ഘാടനം ചെയ്തു. തൃശൂർ പുനർജ്ജനി ജീവജ്വാലയുടെ ആഭിമുഖ്യത്തിൽ മണലൂർ ഗോപിനാഥാണ് ഓട്ടം തുള്ളൽ അവതരിപ്പിക്കുന്നത്. ഫെബ്രുവരി 18 നു രാവിലെ 10 ന് ഏറ്റുമാനൂർ എസ് എഫ് എസ് സ്‌കൂൾ, 12 ന് കുമരകം സാമൂഹിക ആരോഗ്യ കേന്ദ്രം, 2.30 നു ഗാന്ധിനഗർ എസ് എം ഇ എന്നിവിടങ്ങളിലും ഫെബ്രുവരി 19 നു രാവിലെ 10 ന് പാലാ സെന്റ് തോമസ് സ്‌കൂൾ, 12 ന് കോട്ടയം ജനറൽ ആശുപത്രി, 2.30 നു വേളൂർ നഗര ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലും ഓട്ടംതുള്ളൽ അവതരിപ്പിക്കും.