കോട്ടയം: ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം(2018) ലെ 16 (1), (2) എന്നീ വകുപ്പുകൾ പ്രകാരം ജില്ലയിൽ പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ജില്ലാ രജിസ്റ്ററിങ് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ രജിസ്റ്ററിങ് അതോറിറ്റി അധ്യക്ഷയും ജില്ലാ ജില്ലാ കളക്ടറുമായ ഡോ. പി.കെ. ജയശ്രീ അറിയിച്ചു.
രജിസ്‌ട്രേഷൻ നടപടികൾ 2019 ജനുവരി മുതൽ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ചില ലബോറട്ടറികളും പരിശോധനാ കേന്ദ്രങ്ങളും ഇനിയും രജിസ്‌ട്രേഷന് അപേക്ഷിച്ചിട്ടില്ല. ഇത്തരം ലബോറട്ടറികളും പരിശോധനാ കേന്ദ്രങ്ങളും ഉടനടി രജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകണം. രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾക്കെതിരേ നിയമ പ്രകാരം ശിക്ഷാനടപടി സ്വീകരിക്കും.
രജിസ്ട്രേഷനില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ആദ്യ ലംഘനത്തിന് 50,000 രൂപ വരെയും രണ്ടാമത്തെ ലംഘനത്തിന് രണ്ടു ലക്ഷം രൂപ വരെയും പിന്നീടുള്ള ലംഘനത്തിന് അഞ്ചു ലക്ഷം രൂപവരെയും തുടർച്ചയായ ലംഘനത്തിന് പരമാവധി അഞ്ചു ലക്ഷം രൂപയും പ്രതിദിനം 10000 രൂപയും പിഴശിക്ഷയും ഈടാക്കുന്നതാണ്. രജിസ്ട്രേഷൻ നേടാത്ത ലബോറട്ടറികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ ജില്ലാ മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തിയതായും ജില്ലാ കളക്ടർ അറിയിച്ചു.