കോവിഡ് പ്രതിരോധം: കോട്ടയം ജില്ലയിൽ 2331 കിടക്കകൾ സജ്ജമാക്കി, ജില്ലയിലെ 18 സ്വകാര്യ ആശുപത്രികളിലായി 1074 കിടക്കകൾ.


കോട്ടയം: കോട്ടയം ജില്ലയിൽ കോവിഡ് ചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രി, കുട്ടികളുടെ ആശുപത്രി, മറ്റു കോവിഡ് ആശുപത്രികൾ, സി.എസ്.എൽ.റ്റി.സി., സി.എഫ്.എൽ.റ്റി.സി., ഡൊമിസിലിയറി കെയർ സെന്ററുകൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലായി 2331 കിടക്കകൾ സജ്ജമാക്കി.

സർക്കാർ മേഖലയിൽ വിവിധ ചികിത്സാകേന്ദ്രങ്ങളിലായി 1257 കിടക്കകളുണ്ട്. ഇതിൽ 268 ഓക്സിജൻ സൗകര്യമുള്ള കിടക്കകളുണ്ട്. മെഡിക്കൽ കോളജിലും കുട്ടികളുടെ ആശുപത്രിയിലുമായി 108 ഓക്സിജൻ സൗകര്യമുള്ള കിടക്കകളും 28 ഐ.സി.യു. കിടക്കകളും, 13 നോൺ ഇൻവേസീവ് വെന്റിലേഷൻ(എൻ.ഐ.വി.) കിടക്കകളും 13 വെന്റിലേറ്ററുകളുമുണ്ട്.

കോവിഡ് ആശുപത്രികളിൽ 120 ഓക്സിജൻ കിടക്കകളുണ്ട്. രണ്ടു സി.എസ്.എൽ.ടി.സി.കളിൽ 186 കിടക്കകളും സി.എഫ്.എൽ.ടി.സി.യിൽ 100 കിടക്കകളും ഡി.സി.സി.യിൽ 70 കിടക്കകളുമുണ്ട്. ജില്ലയിലെ 18 സ്വകാര്യ ആശുപത്രികളിലായി 1074 കിടക്കകളുണ്ട്. ഇതിൽ 499 എണ്ണം ഓക്സിജൻ സൗകര്യമുള്ളതാണ്.

61 ഐ.സി.യു. കിടക്കകളും 14 നോൺ ഇൻവേസീവ് വെന്റിലേഷനുള്ള കിടക്കകളും 20 വെന്റിലേറ്ററുകളും സ്വകാര്യ ആശുപത്രികളിലുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ സി.എഫ്.എൽ.ടി.സി.കൾ ആരംഭിക്കാനുള്ള നടപടി സ്വീകരിക്കാൻ ജില്ലയുടെ ചുമതല വഹിക്കുന്ന സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ജില്ലാ കളക്ടർ ഡോ.പി കെ ജയശ്രീയ്ക്ക് നിർദ്ദേശം നൽകി.