കോട്ടയം: കോട്ടയം ജില്ലയിൽ 32 ഒമിക്രോൺ കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിൽ പുതിയ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ജില്ലയിൽ ഇന്നലെ വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം 21255 പേരാണ് ചികിത്സയിലുള്ളത്. ജില്ലയിൽ ഇതുവരെ ആകെ 380926 പേര്‍ കോവിഡ് ബാധിതരായി. ജില്ലയിൽ രോഗബാധിതരായവരിൽ 356851 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 33723 ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
ജില്ലയിൽ ആരോഗ്യ പ്രവർത്തകരിലും രോഗബാധ കൂടുതലായി സ്ഥിരീകരിക്കുന്നുണ്ട്. ഇത് ആരോഗ്യ പ്രവർത്തകരിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ജില്ലയിൽ 99.29 ശതമാനം പേർ ആദ്യ ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചു. 84.78 ശതമാനം പേർ രണ്ടു ഡോസുമെടുത്തു. 31967 പേർ കരുതൽ ഡോസെടുത്തു.
ജില്ലയിൽ ആവശ്യത്തിന് കോവിഡ് വാക്സിൻ സ്റ്റോക്കുണ്ട്. ജനുവരിയിൽ കോവിഡ് മരണനിരക്കിൽ കുറവുണ്ട്. ഡിസംബറിൽ 70 മരണവും ജനുവരിയിൽ ഇതുവരെ 35 മരണവുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മരിച്ചവരെല്ലാം മറ്റ് അസുഖബാധിതർ കൂടിയായിരുന്നുവെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.