പാലാ: പാലാ സ്വദേശിനിയായ പ്ലസ് വൺ വിദ്യാർത്ഥിനിയെ തിരുവനന്തപുരത്ത് കണ്ടെത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം പെരുകുളം പൂവ്വച്ചൽ ജെഫിൻ നിവാസിൽ ജോയിയുടെ മകൻ ജെഫിൻ(18) ആണ് അറസ്റ്റിലായത്. പാലാ ഭരണങ്ങാനം മേലമ്പാറ സ്വദേശിനിയായ പതിനേഴുകാരിയായ പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസിലാണ് ഈരാറ്റുപേട്ട പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്.
ഇൻസ്റാഗ്രാമിലൂടെ പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിയായ യുവാവിന്റെ അടുത്തേക്ക് വീട്ടുകാരെ കബളിപ്പിച്ചാണ് വിദ്യാർത്ഥിനി എത്തിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് വിദ്യാർത്ഥിനിയെ കാണാതായത്. തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പോലീസിന്റെ കൃത്യമായ അന്വേഷണത്തിൽ വിദ്യാർത്ഥിനിയെ യുവാവിനൊപ്പം തിരുവനന്തപുരത്തു നിന്നും കണ്ടെത്തുകയായിരുന്നു.
പാലാ ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് ഷാജു ജോസിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ എസ് എച് ഓ പ്രസാദ് എബ്രഹാം വർഗ്ഗീസിന്‍റെ നിർദ്ദേശപ്രകാരം സബ്ബ് ഇൻസ്പെക്ടർ തോമസ് സേവ്യർ, സിവിൽ പോലീസ് ഓഫീസർമാരായ ശരത്കൃഷ്ണദേവ്, നിത്യ മോഹൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.