കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണംവിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം.


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണംവിട്ട ബൈക്ക് മരത്തിലിടിച്ച് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി കത്തലാങ്കപടി മുത്തുഭവനിൽ പുഷ്പരാജിന്റെ മകൻ രാജീവ് ( 26) ആണ് മരിച്ചത്.

ഇന്നലെ രാത്രി പത്ത് മണിയോടെ കാഞ്ഞിരപ്പള്ളി-മണിമല റോഡിൽ മണ്ണാറക്കയം കവലയിൽ ആണ് അപകടം ഉണ്ടായത്. രാജീവിനൊപ്പം ഉണ്ടായിരുന്ന സഹയാത്രികനായ കടമ്പനാട്ടുപടി പാലത്താനത്ത് അഖിലി(23)ന് അപകടത്തിൽ ഗുരുതരപരിക്കുണ്ട്.

നിയന്ത്രണംവിട്ട ബൈക്ക് മരത്തിലിടിച്ച് മറിയുകയായിരുന്നു. അപകടം കണ്ടു ഓടിയെത്തിയവർ ഇരുവരെയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാജീവിന്റെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഖിലിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാജീവിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പിതാവ് പുഷ്പരാജ് കാഞ്ഞിരപ്പള്ളി പുത്തനങ്ങാടിയിൽ ഓട്ടോ ഡ്രൈവർ ആണ്. മാതാവ് ഓമന കാഞ്ഞിരപള്ളി ജനറൽ ആശുപത്രി ജിവനക്കാരിയാണ്. സഹോദരി അശ്വതി.