ഗ്ളാസ് ഷെൽഫിൽ ഗമയ്ക്കിരിക്കുന്ന കപ്പ ഇവിടെ സൂപ്പർ സ്റ്റാറാണ്! കുഞ്ഞപ്പൻ ചേട്ടന്റെ കടയും വാകത്താനം വാട്ടുകപ്പയും.


വാകത്താനം: ഗ്ളാസ് ഷെൽഫിൽ ഗമയ്ക്കിരിക്കുന്ന കപ്പ ഇവിടെ സൂപ്പർ സ്റ്റാറാണ്. വാകത്താനം ബസ്സ്റ്റാൻഡിന് സമീപമുള്ള എബിസൺ ഫ്രൂട്ട് സ്റ്റാൾ എന്ന കുഞ്ഞപ്പൻ ചേട്ടന്റെ വ്യാപാര സ്ഥാപനത്തിലാണ് നമ്മുടെയെല്ലാം പ്രിയങ്കരനായ കപ്പ നല്ല സുന്ദരനായി ഗ്ളാസ് ഷെൽഫിൽ ഇരിക്കുന്നത്.

കുഞ്ഞപ്പൻ ചേട്ടന്റെ സ്വന്തം കൃഷിയിടത്തിലെ കപ്പയും വാഴക്കുലകളും തേങ്ങയും മറ്റു ഉത്പന്നങ്ങളുമാണ് ഈ വ്യാപാര കേന്ദ്രത്തിലെ പ്രധാന സാധനങ്ങൾ. കോവിഡ് കാലത്തിനു മുൻപ് മികച്ച രീതിയിൽ വ്യാപാരം നടന്നിരുന്ന ഫ്രൂട്ട് സ്റ്റാളിൽ കോവിഡ് വ്യാപനത്തെ തുടർന്ന് വ്യാപാരം മന്ദീഭവിക്കുകയായിരുന്നു. എന്നാൽ പ്രതിസന്ധിയിലും പ്രതികൂല സാഹചര്യങ്ങളിലും കയ്യും കെട്ടി നോക്കി നിൽക്കാൻ കുഞ്ഞപ്പൻ ചേട്ടനായില്ല.

തന്റെ സ്വന്തം കൃഷിയിടത്തിൽ വിളയിച്ചെടുത്ത കപ്പയും വാഴക്കുലകളുമൊക്കെയായി നിരവധി സാധനങ്ങൾ കടയിൽ എത്തിച്ചു വ്യാപാരം തുടങ്ങി. ഇതിനിടെയാണ് നമ്മുടെ പ്രിയകാരനായ കപ്പയ്ക്ക് ഗ്ലാസ് ഷെൽഫിൽ സ്ഥാനം ലഭിച്ചത്. കപ്പ വൃത്തിയാക്കി മണ്ണ് കളഞ്ഞതിനു ശേഷമാണ് കപ്പകൾ ഗ്ലാസ് ഷെൽഫിൽ അടുക്കി വെച്ചിരിക്കുന്നത്.

മിച്ചം വരുന്ന കപ്പ വീട്ടിൽ എത്തിച്ചു ഉണക്കിയെടുത്ത് വാകത്താനം വാട്ടുകപ്പയും കുഞ്ഞപ്പൻ ചേട്ടൻ ലഭ്യമാക്കുന്നുണ്ട്. കുഞ്ഞപ്പൻ ചേട്ടന്റെ കൃഷിയിടത്തിലെ ഉത്പന്നങ്ങൾക്കൊപ്പം ഉപഭോക്താക്കളോടുള്ള സംസാരവും വ്യാപാരത്തിനിടെ പറയുന്ന ചെറു കഥകളുമാണ് വ്യാപാരത്തിന്റെ മറ്റൊരു ഹൈലൈറ്റ്. 

Photo: Anil