സുവർണ ജൂബിലി നിറവിൽ നാട്ടകം ഗവൺമെന്റ് കോളജ്! എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇൻക്യുബേഷൻ സെന്ററുകൾ: ഡോ. ആർ. ബിന്ദു.


കോട്ടയം: നൂതനാശയങ്ങൾ യാഥാർഥ്യമാക്കാനും വൈജ്ഞാനികതലത്തിലേക്ക് ഇവയെ ഉയർത്താനുമായി എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇൻക്യുബേഷൻ സെന്ററുകൾ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആർ. ബിന്ദു. കോളജ് വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറുടെ പുതിയ കെട്ടിടത്തിന്റെയും കോട്ടയം ഗവൺമെന്റ് കോളജിലെ ഗവേഷണ ബ്ലോക്കിന്റേയും പരീക്ഷ ഹാളിന്റെയും വിവിധ പദ്ധതികളുടേയും ഉദ്ഘാടനം നാട്ടകത്ത് നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഇൻക്യുബേഷൻ സെന്ററുകൾ കൂടുതൽ തൊഴിലവസരങ്ങൾക്ക് വഴിതുറക്കും. ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംസ്ഥാനത്ത് സജ്ജമാക്കുകയാണ് സർക്കാർ. ബുദ്ധിപരമായി മുന്നിട്ടു നിൽക്കുന്ന നമ്മുടെ വിദ്യാർഥികൾ വിദേശരാജ്യങ്ങളിലേക്കടക്കം പഠനത്തിനു പോകുന്ന 'ബ്രെയിൻ ഡ്രയിൻ' സമസ്യയെ ഇതിലൂടെ മറികടക്കാം. അവരെ ഇവിടെത്തന്നെ നിൽനിർത്തുന്ന 'ബ്രെയിൻ ഗെയിനി'ലേക്കുള്ള മാറ്റം സംജാതമാകും. ഏൺ വൈൽ യു ലേൺ പദ്ധതിപ്രകാരം പഠിക്കുന്ന കാലത്തുതന്നെ സമ്പാദിക്കാനുള്ള ശീലവും വിദ്യാർഥികളിൽ വളർത്തണം. പ്രായോഗിക പ്രവർത്തന അനുഭവങ്ങളെ ചിട്ടപ്പെടുത്താനും ഉൽപ്പാദന മേഖലയിൽ വിദ്യാർഥികളുടെ ഇടപെടൽ ശേഷി ശക്തമാക്കാനും നൂതന വിദ്യാഭ്യാസ രീതികളിലൂടെ സാധിക്കണം. ഉന്നത വിദ്യാഭ്യാസത്തിന്റെ സമൂല മാറ്റത്തിനായി മൂന്നു പ്രധാന കമ്മീഷനുകളെ നിയോഗിച്ചിട്ടുണ്ട്. അധ്യയനരീതി പരിഷ്‌കരണത്തിനും പുതുതലമുറ കോഴ്സുകൾ നിർദ്ദേശിക്കുന്നതിനുമുള്ള ഉപദേശങ്ങൾ നൽകുന്നതിന് ഉന്നതവിദ്യാഭ്യാസ കമ്മീഷനെയും കാലഹരണപ്പെട്ട പരീക്ഷാരീതികൾ പരിഷ്‌കരിക്കുന്നതിനായി പരീക്ഷാ പരിഷ്‌കരണ കമ്മീഷനെയും ചട്ടങ്ങളും നിയമങ്ങളും കാലാനുസൃതമായി പരിഷ്‌കരിക്കാൻ നിയമപരിഷ്‌കാര കമ്മീഷനെയും ചുമതലപ്പെടുത്തി. മൂന്നു റിപ്പോർട്ടുകളും ലഭിക്കുന്നതോടെ ഉന്നതവിദ്യാഭ്യാസ രംഗത്ത് സമൂലമായ പരിവർത്തനം സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു. കോട്ടയം ഗവൺമെന്റ് കോളജിനു സമീപം 1.85 കോടി രൂപ ചെലവിൽ 7300 ചതുരശ്രയടിയിൽ ഇരുനിലകളിലായാണ് കോളജ് വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറുടെ കെട്ടിടം നിർമിച്ചത്. മുമ്പ് വാടകകെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. കോട്ടയം ഗവൺമെന്റ് കോളജിൽ 3.88 കോടി രൂപയുടെ പദ്ധതികളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. പൊളിറ്റിക്കൽ സയൻസ് ഗവേഷണ കേന്ദ്രം, മൂന്നു കോടി രൂപ ചെലവിൽ കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ലീഡ് കോളേജ് പദ്ധതി പ്രകാരം ആരംഭിച്ച അന്തർവൈജ്ഞാനിക ഗവേഷണ കേന്ദ്രം, 60 ലക്ഷം രൂപയുടെ ജിയോമാറ്റിക്സ് ലാബ്, 28 ലക്ഷം രൂപ ചെലവിൽ ബാരിയർ ഫ്രീ ക്യാമ്പസ് പദ്ധതി പ്രകാരം നിർമിച്ച ഭിന്നശേഷി സൗഹൃദ പാത, ഇൻസ്റ്റിറ്റിയൂഷണൽ ലേണിംങ് മാനേജ്മെന്റ് സിസ്റ്റം, എൻ.എസ്.എസ്. വോളന്റിയർമാർ രൂപകൽപ്പന ചെയ്ത രക്തദാന സഹായ സോഫ്റ്റ്‌വെയർ എന്നിവയുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ വി. വിഗ്നേശ്വരി, നഗരസഭ കൗൺസിലർ എൻ.ജി. ദീപാമോൾ, കോളജ് വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറുടെ ചുമതല വഹിക്കുന്ന കോളജ് പ്രിൻസിപ്പൽ ഡോ. ആർ. പ്രഗാഷ്, മുൻ അഡീഷണൽ ഡയറക്ടർ ഡോ. കെ.എൻ. കൃഷ്ണകുമാർ, വൈസ് പ്രിൻസിപ്പൽ വി.വി. ജയലാൽ, പി.റ്റി.എ. വൈസ് പ്രസിഡന്റ് ഡോ. ബി. കേരളവർമ്മ, ഐ.ക്യൂ.എ.സി. കോ-ഓർഡിനേറ്റർ ഡോ. സെനോ ജോസ് എന്നിവർ പങ്കെടുത്തു. കോളജിലെ ജിയോളജി വകുപ്പിനു കീഴിലുള്ള ജിയോളജി മ്യൂസിയം മന്ത്രി സന്ദർശിച്ചു. മഹാത്മാഗാന്ധി സർവകലാശാല ബിരുദ, ബിരുദാനന്തര പരീക്ഷകളിൽ റാങ്കുകൾ കരസ്ഥമാക്കിയ 11 വിദ്യാർഥികൾക്കുള്ള സമ്മാനങ്ങൾ മന്ത്രി വിതരണം ചെയ്തു. കോവിഡ് മാർഗനിർദ്ദേശങ്ങളുള്ളതിനാൽ വിശിഷ്ടവ്യക്തികൾ മാത്രം പങ്കെടുത്ത് ഓൺലൈനായാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. സുവർണ ജൂബിലി നിറവിലുള്ള കോട്ടയം ഗവണ്മെന്റ് കോളേജിൽ 2.70 കോടി ചെലവഴിച്ചു നിർമിക്കുന്ന അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്, അഞ്ചു കോടിയുടെ ലേഡീസ് ഹോസ്റ്റൽ, മൂന്നു കോടിയുടെ ലൈബ്രറി ബ്ലോക്ക്, കിഫ്ബി ഫണ്ടിൽ നിന്നും 8.72 കോടി ചെലവിൽ നിർമിക്കുന്ന പുതിയ ക്ലാസ്‌റൂം ബ്ലോക്കുകൾ എന്നിവയടക്കം 26 കോടിയുടെ വിവിധ വികസന പദ്ധതികളാണ് പുരോഗമിക്കുന്നത്.