കോട്ടയം: സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ ആരംഭത്തിൽ തന്നെ വലിയ വ്യാപനമാണ് ഉണ്ടായിരിക്കുന്നത്.പ്രതിദിന രോഗബാധിതരുടെ എണ്ണം സംസ്ഥാനത്ത് കുതിച്ചുയരുകയാണ്.
ഒന്നും രണ്ടും തരംഗത്തിൽ നിന്നും വിഭിന്നമായി കോവിഡ് മൂന്നാം തരംഗത്തിന്റെ ആരംഭത്തിൽ തന്നെ വലിയ വ്യാപനമാണ് ഉണ്ടായിരിക്കുന്നത് എന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ഡൈൽറ്റ വൈറസിനേക്കാൾ അതി തീവ്ര വ്യാപന ശേഷിയുള്ള ഒമിക്രോണാണ് മൂന്നാം തരംഗത്തിൽ വ്യാപനം കൂട്ടുന്നത്. ഡെൽറ്റാ വകഭേദത്തിനേക്കാൾ ഒമിക്രോണിന് താരതമ്യേന ഗുരുതരാവസ്ഥ കുറവാണെങ്കിലും ജാഗ്രത കൈവിടാൻ പാടില്ല.
വളരെ വേഗം പടർന്ന് പിടിക്കുന്നതിനാൽ ആശുപത്രികളിലും ഐസിയുവിലും വെന്റിലേറ്ററുകളിലുമെത്തുന്ന രോഗികൾ കൂടാൻ സാധ്യതയുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുമെന്നാണ് സൂചന. ഇന്ന് വൈകിട്ട് 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ചുള്ള തീരുമാനങ്ങൾ ഉണ്ടാകും.
സംസ്ഥാനം സമ്പൂർണ്ണ അടച്ചിടലിലേക്ക് നീങ്ങുന്നതിനു പകരം വാരാന്ത്യ നിയന്ത്രണങ്ങളും രാത്രി കർഫ്യുവും ഏർപ്പെടുത്താനാണ് സാധ്യത. ആൾക്കൂട്ടങ്ങൾ ഒഴിവാക്കുന്നതിനായുള്ള നടപടികളും ഇന്ന് ചേരുന്ന കോവിഡ് അവലോകന യോഗം ചർച്ച ചെയ്യും. കോവിഡ് മൂന്നാം തരംഗം മുന്നിൽ കണ്ട് ആരോഗ്യ വകുപ്പ് വളരെ നേരത്തെ തന്നെ മുന്നൊരുക്കം നടത്തിയിരുന്നു. ആശുപത്രികളെ സജ്ജമാക്കുകയും ഓക്‌സിജനും മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും ഉറപ്പ് വരുത്തുകയും ചെയ്തു. സർക്കാർ മേഖലയിൽ 3,107 ഐസിയു കിടക്കകളും 2293 വെന്റിലേറ്ററുകളും സ്വകാര്യ മേഖലയിൽ 7468 ഐസിയു കിടക്കകളും 2432 വെന്റിലേറ്ററുകളും ലഭ്യമാണ്.