ശബരിമല: മകരവിളക്കിനോട് അനുബന്ധിച്ച് പമ്പയിൽ നിന്നും കെ എസ് ആർ ടി സി 900 ബസുകൾ സർവ്വീസ് നടത്തി. മകരജ്യോതി ദർശനത്തിന് ശേഷം അയ്യപ്പ ഭക്തൻമാർക്ക് നിലയ്ക്കൽ എത്തുന്നതിനും കൂടാതെ വിവിധ സ്ഥലങ്ങളിലേക്ക് ദീർഘദൂര യാത്രയ്ക്കുമാണ് ഇത്രയും ബസ് എത്തിച്ചത്. നിലവിൽ പമ്പ-നിലയ്ക്കൽ ചെയിൻ സർവ്വീസുകൾക്കായി 60 എ. സി. ലോ ഫ്ലോർ ബസുകൾ അടക്കം 180 ബസുകളാണ് ക്രമീകരിച്ചിരുന്നത്. ഇതിനോടൊപ്പം ദീർഘദൂര /ഇന്റർ സ്റ്റേറ്റ് സർവ്വീസുകൾക്കുമായി 50 ബസുകളും നേരത്തെ തന്നെ ക്രമീകരിച്ചിരുന്നു. ഇതിന് പുറമെയാണ് ഡിപ്പോകളിൽ നിന്നും മറ്റ് സ്പെഷ്യൽ സെന്ററുകളിൽ നിന്നുമായി 700 ബസുകൾ കൂടി അധികമായി ക്രമീകരിക്കുകയും ചെയ്തു. ഇത്തരത്തിൽ സംസ്ഥാനത്തെ കാസർഗോഡ് മുതൽ പാറശാല വരെയുള്ള എല്ലാ ഡിപ്പോകളിൽ നിന്നുമായി മകരവിളക്ക് സ്പെഷ്യൽ സർവ്വീസിനായി ബസുകൾ എത്തിച്ചത്. തെക്കൻ മേഖലയിൽ നിന്നും പുറപ്പെട്ട ബസുകൾ പത്തനംതിട്ട ഹബ്ബിലും ശബരിമല ഇടത്താവളത്തിലും, മദ്ധ്യ- ഉത്തര മേഖലകളിൽ നിന്നുള്ള ബസുകൾ എരുമേലി, പൊൻകുന്നം എന്നീ ഇടത്താവളങ്ങിൽ എത്തിച്ച ശേഷം പരിശോധനകളും ജീവനക്കാരുടെ വിശ്രമത്തിനും ശേഷം അവിടെ നിന്നും ഭക്തരുമായി പമ്പയിലേക്ക് അയക്കുകയാണ് ചെയ്തത്. ഇതിനാവശ്യമായ ജീവനക്കാരെയും സൂപ്പർവൈസറി ജീവനക്കാരെയും ഓഫീസർമാരേയും ജനുവരി 13 ന് രാവിലെ മുതൽ മുൻകൂട്ടി വിന്യസിച്ച് ബസുകൾ 14ന് രാവിലെ രാവിലെ 6 മണി മുതൽ പുറപ്പെട്ട് ഉച്ചക്ക് 3 മണിക്ക് മുൻപായി പമ്പയിൽ എത്തിച്ചാണ് ശ്രമകരമായ സർവ്വീസ് ഓപ്പറേഷൻ കെ എസ് ആർ ടി സി സ്ത്യത്യർഹമായി നടത്തിയത്. പമ്പ-നിലയ്ക്കൽ ചെയിൻ സർവ്വീസുകൾ ത്രിവേണിയിൽ നിന്നും, ദീർഘ ദൂര സർവ്വീസുകൾ പമ്പ-നിലയ്ക്കൽ കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്നുമാണ് സർവ്വീസ് നടത്തിയത്. 450 ബസുകൾ അടങ്ങിയ പമ്പ-നിലയ്ക്കൽ ചെയിൻ സർവ്വീസുകൾ ഒരു റൗണ്ട് പൂർത്തിയാക്കി നിലക്കൽ പാർക്കിംഗ് കേന്ദ്രങ്ങളിൽ എത്തിച്ചും ദീർഘ ദൂര യാത്രക്കാർ എത്തിയ മുറക്ക് ദീർഘദൂര സർവ്വീസ് ആരംഭിച്ചതും എല്ലാ അയ്യപ്പ ഭക്തർക്കും ആശ്വാസമായി. ചെയിൽ സർവ്വീസുകളുടെ ആദ്യ റൗണ്ടിന് ശേഷം ആവശ്യാനുസരണം ദീർഘ ദൂര സർവ്വീസ് എന്ന ക്രമത്തിൽ ക്രമീകരിച്ചത് ദീർഘദൂര യാത്രക്കാർക്കും നിലക്കൽ എത്തേണ്ടവർക്കും ഒരുപോലെ ഗുണകരവും ആശ്വാസമായി. ദീർഘ ദൂര - ചെയിൽ സർവ്വീസിന് എത്തിയ ബസുകൾ പ്ലാപ്പള്ളി,നിലയ്ക്കൽ, എന്നിവടങ്ങിലും, ചാലക്കയം മുതൽ പമ്പ ത്രിവേണി വരെയും അണിനിരന്ന് സേവന സന്നദ്ധരായ മുഴുവൻ ജീവനക്കാരുടെ ആത്മ സമർപ്പണം മാതൃകാപരമാണ്. ദീർഘ ദൂര സർവ്വീസുകൾ വിവിധ ഡിപ്പോകളിൽ നിന്നും വരുന്നതിനാൽ ബസുകൾ പരിശോധിച്ച് കുറ്റമറ്റ രീതിയിൽ പരിപാലിക്കുന്നതിന് വേണ്ടി ആറ് മെക്കാനിക്കൽ ജീവനക്കാർ അടങ്ങിയ ടീമുകൾ നിലയ്ക്കൽ, ചാലയ്ക്കയം, പ്ലാപ്പള്ളി, പമ്പ, പെരുനാട്, ളാഹ എന്നിവടങ്ങിലും പമ്പ ബസ് സ്റ്റേഷനിലും തയ്യാറായി നിലയുറപ്പിച്ചിരുന്നത് ബസുകൾ സുഗമമായി ഓപ്പറേറ്റ് ചെയ്യുന്നതിന് സഹായകരമായി. സമഗ്രമായ അച്ചടക്കവും മൂന്ന് ദിവസം നീണ്ട് നിന്ന ആത്മ സമർപ്പണവും കഠിനാധ്വാനവും കെ എസ് ആർ ടി സി ശബരിമല സ്പെഷ്യൽ സർവ്വീസിന്റെ പ്രത്യേകതയാണ്. ഇത്തരത്തിൽ സ്പെഷ്യൽ സർവ്വീസിനായി ബസ്സുകൾ അയച്ചപ്പോഴും പ്രധാന റൂട്ടുകളിൽ യാത്രാക്ലേശം ഒഴിവാക്കുവാനായി ബസ്സുകൾ ക്രമീകരിച്ചയക്കുകയും അധിക ബസ്സുകൾ സർവ്വിസ് നടത്തിയതും മറ്റ് റൂട്ടുകളിൽ യാത്രക്ലേശം ഒഴിവായതും ശ്രദ്ധേയമാണ്. പമ്പ സ്പെഷ്യൽ സർവ്വീസുമായി ബന്ധപ്പെട്ട് മികച്ച രീതിയിൽ സേവനം അനുഷ്ടിച്ച ഓഫീസർമാർ അടക്കം മുഴുവൻ ഓഫീസർമാരേയും, ജീവനക്കാരേയും സി എം ഡി ശ്രീ.ബിജു പ്രഭാകർ ഐ എ എസ് അഭിനന്ദിച്ചു.