കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ നേഴ്‌സുമാരോട് പോലീസ് ഉദ്യോഗസ്ഥർ അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഗവണ്മെന്റ് നേഴ്‌സസ് അസോസിയേഷന്റെ പരാതിയിൽ പോലീസുകാർക്ക് ശതമായ താക്കീത് നൽകി.
ഡിസംബർ 31 നാണു പരാതിക്ക് ആസ്പദമായ സംഭവം ഉണ്ടായത്. കോട്ടയം മെഡിക്കൽ കോളേജ് പതിനൊന്നാം വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സുമാരോട് തൊടുപുഴയിൽ നിന്ന് വന്ന പോലീസ് ഉദ്യോഗസ്ഥരാണ് പൊതു ജനമധ്യത്തിൽ വച്ച് സഭ്യമല്ലാത്ത വാക്കുകൾ ഉപയോഗിക്കുകയും നേഴ്‌സുമാരെ ഭീഷണിപ്പെടുത്തുകയും ചെയ്തത്. സംഭവത്തിൽ നേഴ്‌സുമാർ ഗവണ്മെന്റ് നേഴ്‌സസ് അസോസിയേഷൻ ജില്ലാ കമ്മറ്റിയിലും സംസ്ഥാന കമ്മറ്റിയിലും ആശുപത്രി സൂപ്രണ്ടിനും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നു.
സംഭവ ദിവസം രാവിലെ 11 മണിക്ക് വാർഡിൽ രോഗിയുടെ മൊഴിയെടുക്കാൻ വന്ന പോലീസ് ഉദ്യോഗസ്ഥർ നഴ്സുമാരോട് സാക്ഷികളായി ഒപ്പിട്ടു തരുവാൻ ആവശ്യപ്പെട്ടു. ഡ്രങ്ക്നെസ്സ് സാമ്പിൾ റിക്വസ്റ്റ് മെഡിക്കൽ ഓഫീസറുടെ ഒപ്പില്ലാതെ എടുത്തു തരാൻ സാധിക്കില്ല എന്നു പറഞ്ഞപ്പോൾ അസഹിഷ്ണതപരമായി പെരുമാറുകയും ചെയ്തു. ശേഷം കാഷ്വാലിറ്റിയിൽ എത്തിച്ചു സാമ്പിൾ പായ്ക്ക് ചെയ്ത് സീൽ ചെയ്തു നഴ്സുമാർ നൽകിയപ്പോൾ പോലീസുകാർ പൊതുജനമധ്യത്തിൽ അധിക്ഷേപിക്കുന്ന തരത്തിലുള്ള വാക്കുകൾ ഉപയോഗിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു എന്നാണു പരാതിയിൽ പറഞ്ഞിരിക്കുന്നത്.
പോലീസുകാരുടെ പ്രവൃത്തിയിൽ മനോവിഷമം ഉണ്ടായ പുരുഷ-വനിതാ നഴ്സുമാർ സംഘടനയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ കമ്മിറ്റി അംഗങ്ങളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും ശക്തമായി പ്രതിഷേധിക്കുകയും ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതിക്കാരായ നേഴ്സുമാരെയും നേഴ്‌സുമാരുടെ സംഘടനയെയും ആരോപിതരായ എസ് ഐ, പോലീസ് ഉദ്യോഗസ്ഥരെയും കോട്ടയം ഡിവൈഎസ്പി ഓഫീസിൽ വിളിച്ചു വരുത്തുകയും പരാതിയുടെ വിശദമായ പരിശോധനയ്ക്ക് ശേഷം പോലീസുകാരെ ശക്തമായി താക്കീത് നൽകുകയും ചെയ്തു. ഇനി ഒരു പ്രശ്നവും ഉണ്ടാകില്ല എന്ന് എഴുതി ഒപ്പിട്ടു നൽകുകയും ചെയ്തു. ഇനി മുതൽ എയ്ഡ് പോസ്റ്റിലുള്ള പോലീസ് ഉദ്യോഗസ്ഥരെ കൂടി കൂട്ടി മാത്രമേ മൊഴിയെടുക്കാൻ വാർഡിൽ വരാൻ പാടുള്ളൂ എന്ന നിർദേശിക്കുകയും ചെയ്തു. കോട്ടയം ഡിവൈഎസ്പി ഓഫീസിൽ നടന്ന ചർച്ചയിൽ കേരളാ ഗവണ്മെന്റ് നേഴ്‌സസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ഹേന ദേവദാസ്, ജില്ലാ പ്രസിഡണ്ട് ബിന്ദുബായി വി. ജി, ജില്ലാ സെക്രട്ടറി രാജേഷ് കെ ആർ എന്നിവർ പങ്കെടുത്തു.