നടിയെ ആക്രമിച്ച കേസ്: നിർണ്ണായക വഴിത്തിരിവ്, ദിലീപിന് ദൃശ്യങ്ങൾ എത്തിച്ച വി ഐ പി കോട്ടയം സ്വദേശിയെന്നു സൂചന.


കോട്ടയം: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ദൃശ്യങ്ങൾ എത്തിച്ച വി ഐ പി കോട്ടയം സ്വദേശിയെന്നു സൂചന. ക്രൈംബ്രാഞ്ച് കാണിച്ച ഫോട്ടോകളിൽ നിന്നും സംവിധായകൻ ബാലചന്ദ്ര കുമാറാണ് വി ഐ പി യെ തിരിച്ചറിഞ്ഞത്.

ദിലീപിന്റെ ഉറ്റസുഹൃത്തും പ്രവാസി വ്യവസായിയുമാണ് ഈ കോട്ടയം സ്വദേശിയെന്നാണ് സൂചന. ഖദർ വസ്ത്രധാരിയാണ് ഈ വ്യവസായി എന്നാണു ബാലചന്ദ്ര കുമാർ പറഞ്ഞിരിക്കുന്നത്. സംഭവത്തിൽ വ്യക്തിയെ സ്ഥിരീകരിക്കുന്നതിനു പോലീസിന്റെ കയ്യിലുള്ള ശബ്ദ സാമ്പിളുകളും ഇയാളുടെ ശബ്ദ സാമ്പിളും പരിശോധിക്കും.

നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ നടത്തിയ ഗൂഡാലോചനയിലുമാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തുന്നത്. ബാലചന്ദ്ര കുമാർ തിരിച്ചറിഞ്ഞ ഫോട്ടോയിലുള്ളത് കോട്ടയം സ്വദേശിയും വിദേശത്ത് വ്യവസായ സംരംഭങ്ങളുമുള്ള വ്യക്‌തിയാണ്‌ ഇതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. എന്നാൽ വിഷയത്തിൽ പൂർണ്ണമായ സ്ഥിരീകരണം ക്രൈംബ്രാഞ്ചിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. അതേസമയം കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയ കേസിൽ ഇയാളെ ആറാം പ്രതിയായി ഉൾപ്പെടുത്തിയിട്ടുണ്ട്.