കോട്ടയം: ദിലീപ് കേസിലെ വി ഐ പി താനല്ല എന്ന് കോട്ടയത്തെ പ്രവാസി വ്യവസായി മെഹബൂബ്. സംവിധായകൻ ബാലചന്ദ്ര കുമാറിനെ അറിയില്ല എന്നും ദീലീപിന്റെ വീട്ടിൽ പോയത് ഒരു തവണ മാത്രമാണെന്നും കോട്ടയത്തെ പ്രവാസി വ്യവസായി മെഹബൂബ് പറഞ്ഞു.
ബിസിനസ് സംബന്ധമായ ആവശ്യങ്ങളിലാണ് ദിലീപുമായി വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തിയതെന്നും ഈ സമയം കാവ്യയും കുട്ടിയും വീട്ടിൽ ഉണ്ടായിരുന്നതായും മെഹബൂബ് കോട്ടയത്ത് പറഞ്ഞു. അന്വേഷണ സംഘത്തിന് സംശയമുണ്ടെങ്കിൽ അന്വേഷണത്തിന് പൂർണ്ണമായും സഹകരിക്കുമെന്നും മെഹബൂബ് പറഞ്ഞു.
സംവിധായകൻ ബാലചന്ദ്രൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ വി ഐ പി കോട്ടയത്തെ പ്രവാസി വ്യവസായി എന്ന പേരിൽ തന്റെ പേരിനൊപ്പം പ്രചരിക്കുന്നതുമായി ബന്ധപ്പെട്ടാണ് അദ്ദേഹം മാധ്യമങ്ങളുമായി സംസാരിച്ചത്. ഇക്ക എന്ന് ദിലീപ് തന്നെ വിളിക്കാറുണ്ട്. ഹോട്ടൽ ബിസിനസും ദിലീപിന്റെ ദേ പുട്ട് റെസ്റ്റോറന്റിൽ ഷെയറുമുണ്ട്. പൂർണ്ണമായും ബിസിനസ് ബന്ധങ്ങൾ മാത്രമാണ് ഇരുവർക്കുമിടയിലുള്ളതെന്നും മെഹബൂബ് പറഞ്ഞു.