കോവിഡ് വ്യാപനം: കോട്ടയം ജില്ലയിൽ വാർഡുതലം വരെയുള്ള കോവിഡ് ജാഗ്രതാ സമിതികളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നു.


കോട്ടയം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ വാർഡുതലം വരെയുള്ള കോവിഡ് ജാഗ്രതാ സമിതികളുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

കോട്ടയം ജില്ലയിലെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ജില്ലയുടെ ചുമതലയുള്ള സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്ത് പ്രവർത്തനങ്ങൾ വിലയിരുത്തി. എ കാറ്റഗറിയിലുള്ള  ജില്ലയിൽ നിയന്ത്രണങ്ങൾ പാലിച്ച് വ്യാപനം തടയാൻ  നമ്മൾ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.

കഴിഞ്ഞ രണ്ടുഘട്ടത്തിലും ചിട്ടയായ പ്രവർത്തനങ്ങളിലൂടെ മഹാമാരിയെ പ്രതിരോധിച്ച് നിർത്താൻ ജില്ലക്ക് സാധിച്ചു. അതേ രീതിയിൽ ഒത്തൊരുമയോടുകൂടിയുള്ള പ്രവർത്തനമാണ് ഇപ്പോഴും ആവശ്യം എന്ന് മന്ത്രി ഓർമ്മിപ്പിച്ചു. വീടുകളിൽ ക്വാറന്റയിനിൽ  കഴിയുന്നവരടക്കമുള്ളവർക്ക് ആവശ്യമായ സഹായം ലഭ്യമാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

കോവിഡ് ജാഗ്രതാ സമിതികളുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബുധനാഴ്ച രാവിലെ 11 ന് ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത്-നഗരസഭ അധ്യക്ഷന്മാരുടെയും ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്മാരുടെയും സെക്രട്ടറിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഓൺലൈനായി വിളിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കോവിഡ് കൺട്രോൾ റൂമുകളും സഹായകേന്ദ്രങ്ങളും ആരംഭിക്കാനും ജനങ്ങൾക്ക് ബന്ധപ്പെടുന്നതിനായി ഫോൺ നമ്പർ പ്രസിദ്ധീകരിക്കാനും  നിർദ്ദേശം നൽകി.

ആരോഗ്യ ജീവനക്കാർക്കിടയിലും കോവിഡ് വ്യാപനമുള്ളതിനാൽ  ആവശ്യമായ ജീവനക്കാരെ നിയോഗിക്കുന്നതിന് നടപടി സ്വീകരിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്കും ദേശീയ ആരോഗ്യദൗത്യത്തിനോടും ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ജില്ലയിലെ വരും ദിവസങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമെങ്കിൽ കൂടുതൽ സി.എഫ്.എൽ.ടി.സി.കൾ സജ്ജമാക്കും. മെഡിക്കൽ കോളേജ് ആശുപത്രി, കുട്ടികളുടെ ആശുപത്രി, മറ്റു കോവിഡ് ആശുപത്രികൾ, സി.എസ്.എൽ. റ്റി.സി, ഡൊമിസിലിയറി കെയർ സെന്ററുകൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലായി കോവിഡ് രോഗികൾക്കായി ജില്ലയിൽ 2331  കിടക്കകൾ നിലവിലുണ്ട്.