റിപ്പബ്ലിക് ദിനാഘോഷം: കോട്ടയം ജില്ലയിൽ മന്ത്രി വി.എൻ വാസവൻ പതാക ഉയർത്തും, കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല, പങ്ക


കോട്ടയം: ജില്ലാതല റിപ്പബ്ലിക് ദിനാഘോഷം ജനുവരി 26 ന്  രാവിലെ ഒന്‍പതിന് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കും. ജില്ലയുടെ ചുമതലയുള്ള സഹകരണ-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും.

തുടർന്ന് റിപ്പബ്ലിക് ദിന സന്ദേശം നല്‍കും. ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ, ജില്ലാ പോലീസ് മേധാവി ഡി. ശില്പ എന്നിവരും അഭിവാദ്യം സ്വീകരിക്കും. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടർ അനൂപ് കൃഷ്ണ ആർ.പി യാണ് പരേഡ് കമാന്‍ഡർ. കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ചടങ്ങില്‍ കേരള സിവിൽ പോലീസ്, വനിതാ പോലീസ്, വനം വകുപ്പ്, എക്സൈസ് എന്നിവയുടെ ഓരോ പ്ലറ്റൂണുകൾ മാത്രമാണ് പങ്കെടുക്കുക.

യഥാക്രമം  ഏറ്റുമാനൂർ  പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ പ്രശോഭ് കെ.കെ, തലയോലപ്പറമ്പ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ വിദ്യ വി, മുറിഞ്ഞപുഴ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.ജി മഹേഷ്, എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍.വി.സന്തോഷ് കുമാര്‍, എന്നിവരാണ് പ്ലറ്റൂണ്‍ കമാന്‍ഡര്‍മാർ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ അറിയിച്ചു.

സംസ്ഥാന പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തുന്ന ആഘോഷത്തില്‍ പരമാവധി 50 പേരെ മാത്രമാണ് പങ്കെടുപ്പിക്കുക. സാമൂഹിക അകലവും മാസ്‌കിന്‍റെ ഉപയോഗവും സാനിറ്റൈസേഷനും ഉറപ്പാക്കും. പങ്കെടുക്കുന്ന എല്ലാവരെയും പ്രവേശന കവാടത്തില്‍ തെര്‍മല്‍ സ്‌കാനിംഗിന് വിധേയരാക്കും.