ചിറ്റൂർ: ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രസവ ശുശ്രൂഷക്കായി എത്തിയ യുവതിയുടെ നില വഷളായതിനെതുടർന്ന് താലൂക്ക് ആശുപത്രിയിൽ നിന്നും ജില്ലാ ആശുപത്രിയിലേക്കും പിന്നീട് സ്വകാര്യ ആശുപത്രിയിലും യുവതിക്ക് ഒപ്പം നിന്ന് കരുതലിന്റെ മാതൃകയായി ചിറ്റൂർ താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റും കറുകച്ചാൽ സ്വദേശിനിയുമായ ഡോക്ടറും സംഘവും.
പാലക്കാട് വണ്ടിത്താവളം പുറയോരം സി.ശിവന്റെ ഭാര്യ സന്ധ്യ (27) യാണ് പ്രസവ ശുശ്രൂഷക്കായി ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിയത്. രാത്രി രക്തസമ്മർദം താഴ്ന്നു അതീവ ഗുരുതരാവസ്ഥയിലായതോടെ വിദഗ്ദ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ടതായി വന്നു. രാത്രി പത്തര സമയത്ത് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണം എന്ന് പറഞ്ഞു വെറുതെ നോക്കിനിൽക്കാനായില്ല ചിറ്റൂർ താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റും കറുകച്ചാൽ സ്വദേശിനിയുമായ ഡോക്ടർ ആർ ശ്രീജയ്ക്ക്.
ജില്ലാ ആശുപത്രിയിലേക്ക് തനിച്ച് അയച്ചാൽ ഉണ്ടാവുന്ന അപകട നില മനസ്സിലാക്കി ഗൈനക്കോളജിസ്റ്റ് ഡോക്ടർ ശ്രീജയുടെ നേതൃത്വത്തിൽ അനസ്തേഷ്യ ഡോക്ടർ ജയമിനിയും നഴ്സുമാരായ എ.അനീഷയും ആർ.രഞ്ജുഷയും ഉൾപ്പെടുന്ന ഒരു സംഘം 108 ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്കും അവിടെ വെന്റിലേറ്റർ ഒഴിവില്ലാത്തതിനാൽ സ്വകാര്യ ആശുപത്രിയിലും എത്തിച്ച് ചികിത്സ നടത്തി പ്രസവം കഴിയും വരെ യുവതിക്ക് കൂട്ടായി കരുതലായി ഒപ്പം നിൽക്കുകയായിരുന്നു.
സ്വകാര്യ ആശുപത്രിയിലെയും താലൂക്ക്-ജില്ലാ ആശുപത്രിയിലെയും ഡോക്ടർമാരുടെ സാന്നിധ്യത്തിൽ സന്ധ്യക്ക് സുഖപ്രസവത്തിൽ പെൺകണ്മണി പിറന്നു. ഇരുവരും ഇപ്പോൾ ആശുപത്രിയിൽ സുഖമായിരിക്കുകയാണ്. കറുകച്ചാൽ കടുവാക്കുഴി കെ.ആർ രാജൻ-ശാന്തമ്മ ദമ്പതികളുടെ മകളാണ് ഡോ.ആർ ശ്രീജ. ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ യുവതിക്ക് കരുതലൊരുക്കിയ ഡോക്ടർമാരേയും, ആരോഗ്യപ്രവർത്തകരേയും നേരിൽ കണ്ട് മന്ത്രി കെ കൃഷ്ണൻകുട്ടി അഭിനന്ദനങ്ങൾ അറിയിച്ചു.