കോവിഡ് പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ച് തുറന്നു പ്രവർത്തിച്ച പാലായിലെ റിലയൻസ് സൂപ്പർ മാർക്കറ്റ് പോലീസ് അടപ്പിച്ചു.


പാലാ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ നടപടികളുടെയും മുൻകരുതലിന്റെയും ഭാഗമായി സർക്കാരും ആരോഗ്യ വകുപ്പും പുറത്തിറക്കുന്ന നിർദ്ദേശങ്ങൾ പാലിക്കാതെ പ്രവർത്തിച്ച പാലായിലെ വ്യാപാര സ്ഥാപനം പോലീസ് അടപ്പിച്ചു. പാലാ കൊട്ടാരമറ്റത്ത് പ്രവർത്തിക്കുന്ന റിലയൻസ് സൂപ്പർ മാർക്കറ്റാണ് പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയത്. ഞായറാഴ്ച ലോക്ക് ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴാണ് മുപ്പതോളം ജീവനക്കാരുമായി സ്ഥാപനം തുറന്നു പ്രവർത്തിച്ചത്. ആൾക്കൂട്ടം ഒഴിവാക്കണമെന്നും 20 ലധികം പേർ ഒരുമിച്ചു കൂടരുതെന്നുമുള്ള സർക്കാർ നിർദ്ദേശം നിലനിൽക്കെയാണ് ജീവനക്കാർ മാത്രം മുപ്പതോളം പേരുമായി സ്ഥാപനം പ്രവർത്തിച്ചത്. ഇവരെ കൂടാതെ സാധനങ്ങൾ വാങ്ങാൻ എത്തിയവരും സ്ഥാപനത്തിലുണ്ടായിരുന്നു. വിവരമറിഞ്ഞെത്തിയ പാലാ സി ഐ കെ. പി തോംസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥാപനത്തിൽ എത്തി അടയ്ക്കാൻ നിർദ്ദേശിക്കുകയായിരുന്നു. കോവിഡ് പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തത്തിന് സ്ഥാപനത്തിനെതിരെയും മാനേജർക്കെതിരെയും നടപടി എടുത്തിട്ടുണ്ട്.