കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു,40 ഡോക്ടർമാർ ഉൾപ്പെടെ 145 ആരോഗ്യ പ്രവർത്തകർ രോഗബാധിതർ.


കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ 40 ഡോക്ടർമാർ ഉൾപ്പെടെ 145 ആരോഗ്യ പ്രവർത്തകർക്കാണ് നിലവിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മെഡിക്കൽ കോളേജിലെ ഡോക്ടർമാർ, നേഴ്‌സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, മറ്റു ജീവനക്കാർ തുടങ്ങിയവരാണ് കോവിഡ് പോസിറ്റീവ് ആയിരിക്കുന്നത്. കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് പുതുതായി രോഗബാധ സ്ഥിരീകരിക്കുന്നതോടെ മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രവർത്തനങ്ങളിൽ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. റേഡിയോളജി വിഭാഗത്തിൽ പതിനഞ്ചിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ എക്സ്റേ, സിടി സ്കാൻ പരിശോധനകൾക്കു നിയന്ത്രണം ഏർപ്പെടുത്തി. ആശുപത്രിയിൽ ഇനി അടിയന്തര ശസ്ത്രക്രിയകൾ മാത്രമാകും നടത്തുക. കോട്ടയം മെഡിക്കൽ കോളേജിൽ ഡോക്ടർമാരടക്കം ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കോവിഡ് വ്യാപനത്തെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് മെൻ ഹൗസ് സർജൻമാരുടെ ക്വാർട്ടേഴ്സ് ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്ററായും താൽക്കാലിക ഡൊമിസിലിയറി കെയർ സെന്ററായും പ്രഖ്യാപിച്ചിരുന്നു. കിടപ്പു രോഗികൾക്കു മാത്രമാണ് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ എക്സ്റേ, സിടി സ്കാൻ, എം ആർ ഐ പരിശോധനകൾ നടത്തുക. കോട്ടയം മെഡിക്കൽ കോളേജിൽ കിടപ്പ് രോഗികളുടെ എണ്ണവും കുറച്ചിട്ടുണ്ട്. അടിയന്തിര സ്വഭാവമുള്ള രോഗികൾക്ക് മാത്രമേ മെഡിക്കൽ കോളേജിൽ ചികിത്സ അനുവദിക്കൂ.