ജീവനക്കാർക്ക് കോവിഡ്: കളക്ടറേറ്റിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി.


കോട്ടയം: ജില്ലയിൽ കോവിഡ് വ്യാപനം പ്രതിദിനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ആശുപത്രി, സർക്കാർ-സ്വകാര്യ ഓഫീസുകളിലെയും സ്ഥാപനങ്ങളിലെയും കൂടുതൽ ജീവനക്കാർ കോവിഡ് ബാധിതരാകുന്ന സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. കോട്ടയം മിനി സിവിൽ സ്റ്റേഷനിലെ 15 ജീവനക്കാർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ജീവനക്കാർക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ കോട്ടയം കളക്ടറേറ്റിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. അപേക്ഷകൾ സ്വീകരിക്കുന്നതിനായി ഓഫീസുകൾക്ക് മുൻപിൽ ബോക്സുകൾ സ്ഥാപിച്ചിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമാണ് സിവിൽ സ്റ്റേഷനിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നത്. കളക്ടറെ കാണാൻ എത്തുന്നവരോട് വിവരങ്ങൾ അന്വേഷിക്കുന്നതിനായി കലക്ടറുടെ ഓഫീസിന് പുറത്ത് ഒരു ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ട്. കൂടുതൽ പേർക്കു രോഗബാധ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ മുൻകരുതലുകൾ ശക്തമാക്കിയതായും കളക്ടറേറ്റിലും സിവിൽ സ്റ്റേഷനിലും നിയന്ത്രണം ഏർപ്പെടുത്തിയതായും എ ഡി എം ജിനു പുന്നൂസ് പറഞ്ഞു.