കാഞ്ഞിരപ്പള്ളി: കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ നാശനഷ്ടമുണ്ടായ കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈൽ പാലം ഗതാഗത യോഗ്യമാക്കാത്തത്തിൽ പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളി-എരുമേലി റൂട്ടിൽ ചൊവ്വാഴ്ച മുതൽ സ്വകാര്യ ബസ്സുകൾ സർവ്വീസ് നിർത്തി വയ്ക്കുന്നു.
പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥ അവസാനിപ്പിച്ചു പാലം എത്രയും വേഗം ഗതാഗത യോഗ്യമാക്കണമെന്ന് ബസ്സ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി യൂണിറ്റ് ആവശ്യപ്പെട്ടു. പ്രളയം കഴിഞ്ഞു 70 ദിവസം പിന്നിട്ടിട്ടും പ്രധാന പാതയിലെ പാലത്തിന്റെ അറ്റകുറ്റ പണികൾ നടത്താത്തത് പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയാണെന്ന് ബസ്സ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
നിലവിൽ ചെറിയ വാഹനങ്ങൾ മാത്രമാണ് പാലത്തിലൂടെ കടത്തി വിടുന്നത്. ബസ്സുകളും ഭാരവാഹനങ്ങളും കിലോമീറ്ററുകൾ ചുറ്റി വഴി തിരിച്ചാണ് വിടുന്നത്. 19 ലക്ഷം രൂപ പാലത്തിന്റെ തല്ക്കാലിക ബലപെടുത്തലിനു അനുവദിചെങ്കിലും തുടർ നടപടികൾ എങ്ങുമെത്തിയില്ല. തകർന്ന് കിടക്കുന്ന ഫാബിസ് പട്ടിമറ്റം റോഡിലൂടെയും പട്ടിമറ്റം മണ്ണാറക്കയം റൂട്ടിലൂടെയും സർവീസ് നടത്തി ബസ്സുകളുടെ ടയറും പ്ളേറ്റും ഉൾപ്പെടെ ദിവസവും അറ്റകുറ്റപ്പണികൾ നടത്തേണ്ട അവസ്ഥയിലാണ്. ഈ റോഡിലൂടെ സഞ്ചരിക്കുന്ന ബസ്സുകൾക്ക് 7ലിറ്ററോളം ഡീസൽ അധിക ചിലവ് വരുന്നുണ്ട്. മറ്റു യാതൊരു പോം വഴിയും ഇല്ലാത്തതിനാൽ ആണ് ബസ്സുകൾ സർവീസ് നിർത്തി വയ്ക്കാൻ നിർബന്ധിതരാകുന്നത് എന്ന് ബസ്സ് ഉടമകൾ പറയുന്നു. കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ പാലത്തിന്റെ കൈവരികൾ തകരുകയും തൂണുകൾക്ക് ബലക്ഷയം സംഭവിക്കുകയും ചെയ്തിരുന്നു.