കോട്ടയം: ജില്ലയിൽ അതിദാരിദ്ര്യ നിർണയ പ്രക്രിയയുടെ ഭാഗമായി വാർഡുതല ജനകീയ സമിതി തയാറാക്കിയ സാധ്യത പട്ടികയിലുൾപ്പെട്ടവരുടെ വീട്ടിലെത്തി വിവരശേഖരണം നടത്തുന്ന എന്യൂമറേഷൻ പ്രക്രിയ പൂർത്തിയാക്കിയ സംസ്ഥാനത്തെ ആദ്യ ജില്ലയായി കോട്ടയം.
അതിദാരിദ്ര്യ നിർണയ പ്രക്രിയയുടെ ജില്ലാതല നിർവാഹക സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മിയാണ് ഇക്കാര്യം അറിയിച്ചത്. വിശാലവും സങ്കീർണ്ണവുമായ എന്യൂമറേഷൻ കടമ്പ കടന്നുവെന്നും ഡിസംബർ 30 നകം അന്തിമ പട്ടികയാക്കി ജില്ലയെ ഒന്നാമതെത്തിക്കാൻ പദ്ധതി നിർവഹണ ഉദ്യോഗസ്ഥർ നിതാന്ത ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
മൊബൈൽ ആപ്പിൽ രേഖപ്പെടുത്തിയ വിവരങ്ങളിൽ തെറ്റ് കണ്ടെത്തിയാൽ സൂപ്പർ ചെക്കിങ്ങിനുശേഷം വീണ്ടും ജനകീയ ഉപസമിതികളിൽ ചർച്ച ചെയ്ത് അപ്പോൾ തന്നെ ആപ്പ് ഉപയോഗിച്ചു പരാതി തീർപ്പാക്കും. ഗ്രാമപഞ്ചായത്തുകളിൽ അതത് ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസറുടെ നേതൃത്വത്തിലും നഗരസഭകളിൽ എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ നഗരസഭ ഘടക സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ജീവനക്കാർ ഉൾപ്പെടുന്ന സംഘവുമായിരിക്കും സൂപ്പർ ചെക്കിംഗ് നടത്തുക. ഇതിൽ അംഗീകരിക്കപ്പെടുന്നവരുടെ പട്ടിക ഏഴു ദിവസത്തേക്ക് അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പൊതുഓഫീസുകളിലും പ്രദർശിപ്പിക്കും. ജില്ലയൊട്ടാകെ ഡിസംബർ അവസാനത്തോടെ ഒരേ ദിവസം ഗ്രാമസഭ കൂടി ജില്ലാതല അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. അന്തിമ പട്ടികയിൽ ഉൾപ്പെടുന്നവർക്കു ജീവനോപാധിക്ക് ആവശ്യമായ മൈക്രോപ്ലാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയിലാണ് തയാറാക്കുക.