കൊല്ലം: ദേശീയ പാതയിൽ എം സി റോഡിൽ വാളകത്ത് കാറും മിനി ലോറിയും കൂട്ടിയിടിച്ചു കോട്ടയം സ്വദേശികളായ വൃദ്ധദമ്പതികൾക്ക് ദാരുണാന്ത്യം.
കോട്ടയം വാകത്താനം പുത്തൻചന്ത തെക്കേപ്പുറത്ത് സ്വദേശികളും തിരുവനന്തപുരത്ത് താമസിക്കുന്നവരുമായ വെട്ടിയിൽ വീട്ടിൽ തോമസുകുട്ടി (74), ഭാര്യ ശാന്തമ്മ (71) എന്നിവരാണ് സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചത്. തിരുവനന്തപുരത്തു നിന്നും വാകത്താനത്തെ വീട്ടിലേക്ക് വരും വഴിയാണ് അപകടം ഉണ്ടായത്.
നിയന്ത്രണം വിട്ട കാര്‍ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് വിവരം. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ദേശീയ പാതയിൽ തിരുവനന്തപുരം കൊട്ടാരക്കര റോഡിൽ എംഎൽഎ ജംഗ്ഷനും മെഴ്‌സി ആശുപത്രിക്കും ഇടയിലായാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന വൃദ്ധദമ്പതികൾ സഞ്ചാരിച്ചിരുന്ന കാറും തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന മിനി ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടം കണ്ട് ഓടിയെത്തിയവർ വൃദ്ധദമ്പതികളെ കൊട്ടാരക്കര സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.