നിറപറയും നിലവിളക്കുമൊരുക്കി അക്ഷരമുറ്റത്തേക്ക് വിദ്യാർത്ഥികളെ വരവേറ്റ് അധ്യാപകർ, വേറിട്ട പ്രവേശനോത്സവവുമായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ സ്‌കൂൾ.


ഈരാറ്റുപേട്ട: പത്തൊൻപത് മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്‌കൂളുകളിലേക്ക് വിദ്യാർത്ഥികൾ എത്തുമ്പോൾ വിപുലമായ ഒരുക്കങ്ങളോടെയാണ് ജില്ലയിലെ സ്‌കൂളുകളിൽ വിദ്യാർത്ഥികളെ അധ്യാപകർ വരവേറ്റത്.

 

 നിറപറയും നിലവിളക്കുമൊരുക്കി കേരളപ്പിറവി ദിനത്തിൽ കേരളീയ വേഷത്തിൽ അധ്യാപകരും ജനപ്രതിനിധികളുമുൾപ്പടെ വേറിട്ട പ്രവേശനോത്സവവുമായാണ് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ സ്‌കൂളിൽ വിദ്യാർത്ഥികളെ വരവേറ്റത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് മുതൽ സ്‌കൂൾ മുറ്റങ്ങളിൽ വിദ്യാർത്ഥികളുടെ കളിചിരികൾ മുഴങ്ങിക്കേൾക്കും. കോവിഡ് പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചാണ് ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം ഉൾപ്പടെയുള്ള ആദ്യദിന പരിപാടികൾ സംഘടിപ്പിച്ചത്. ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ സ്‌കൂളിൽ എത്തിയ വിദ്യാർത്ഥികളെ എതിരേറ്റത്ത് കേരളീയ വേഷത്തിൽ ഹെഡ് മാസ്റ്റർ സാബു മാത്യു പതിപ്പള്ളിയുടെ നേതൃത്വത്തിൽ അധ്യാപകരാണ്. വിദ്യാർത്ഥികളെ വരവേൽക്കാൻ ഗാനവും അധ്യാപകരുടെ നേതൃത്വത്തിൽ ഒരുക്കിയിരുന്നു. അധ്യാപകനായ സിനു ജോസഫ് എഴുതി സംഗീതാധ്യാപകൻ ഫ്രാൻസിസ് ജോസഫ് സംഗീത സംവിധാനം നിർവ്വഹിച്ച ഗാനം ഹെഡ് മാസ്റ്റർ സാബു മാത്യു പതിപ്പള്ളിയുടെ നേതൃത്വത്തിൽ അധ്യാപകർ ആലപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിജി ജോർജ്,ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് കമ്മറ്റി ചെയർമാൻ ഷെറിൻ പെരുംമാംകുന്നേൽ,  വാർഡ് മെബർ രമേശ് ഇലവുങ്കൽ, പി.ടി.എ.പ്രസിഡന്റ് ഷെറിൻ തയ്യിൽ തുടങ്ങിയവർ ചേർന്നാണ് അധ്യാപകർക്കൊപ്പം വിദ്യാർത്ഥികളെ സ്വീകരിച്ചത്.