സ്വന്തം ഭവനത്തെ ഹരിതോദ്യാനമാക്കി കോട്ടയം കുറിച്ചിയിലെ അധ്യാപികയും കുടുംബവും.


കോട്ടയം: പ്രകൃതിയുടെ വരദാനങ്ങളാണ് ചെടികളും പൂക്കളും മറ്റു ഫലവർഗ്ഗങ്ങളും ഉൾപ്പടെയെല്ലാം. പ്രകൃതി കനിഞ്ഞനുഗ്രഹിക്കുന്ന ഈ വരദാനങ്ങളെ ഹൃദയത്തോട് ചേർത്തു പരിപാലിച്ചു സ്വന്തം ഭവനത്തെ ഒരു ഹരിതോദ്യാനമാക്കി മാറ്റിയ ഒരു അധ്യാപകയുണ്ട് കോട്ടയം കുറിച്ചിയിൽ.

 

 വാഴപ്പള്ളി സെന്റ്.തെരേസാസ് ഡി.എഡ് കോളേജിലെ ഇംഗ്ലീഷ് ടീച്ചർ ട്രെയ്നറും കോട്ടയം കുറിച്ചി സ്വദേശിനിയുമായ ജാൻസിമോൾ അഗസ്റ്റിൻ ടീച്ചറും കുടുംബവും ആണ് ചെടികളെയും പൂക്കളെയും ഹൃദയത്തോട് ചേർത്തു വീടിനെ ഹരിതോദ്യാനമാക്കി മാറ്റുന്നത്. ചെടികളും പൂക്കളുമടങ്ങുന്ന പൂന്തോട്ടം മാത്രമല്ല ഇവരുടെ ഭവനത്തിലുള്ളത്. പച്ചക്കറികളും മറ്റു സസ്യ-വൃക്ഷലതാദികളും പക്ഷി മൃഗാദികളും ഈ വീട്ടിലുണ്ട്. വീടിന്റെ മുൻഭാഗവും മതിലുകളുമുൾപ്പടെ പൂർണ്ണമായും ചെടികളുടെയും പൂക്കളുടെയും പറുദീസയാക്കി മാറ്റിയിരിക്കുകയാണ് ടീച്ചറും കുടുംബവും. കുടുംബാംഗങ്ങളുടെ മുഴുവൻ പിന്തുണയാണ് തന്റെ പ്രചോദനമെന്നു ജാൻസിമോൾ ടീച്ചർ പറയുന്നു. മുയലുകളും കോഴികളും താറാവും കുരുവികളും മറ്റു പക്ഷികളെയും ടീച്ചർ പരിപാലിക്കുന്നു. വീടിനോട് ചേർന്നും വീടിന്റെ ടെറസിലും പച്ചക്കറികൾ നിരവധിയാണ് നട്ടു വളർത്തിയിരിക്കുന്നത്. നാന്നായി പരിപാലിക്കുന്നതിനുള്ള പ്രതിഫലം വിളവുകളായി ലഭിക്കാറുണ്ടെന്നും ടീച്ചർ പറഞ്ഞു. രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനു മുൻപും തിരികെയെത്തിയ ശേഷവും കൂടുതൽ സമയം ചെലവഴിക്കുന്നത് ഇവിടെയാണ്. കോവിഡ് വ്യാപനത്തെ തുടർന്ന് വന്ന ലോക്ക് ഡൗണിൽ കൂടുതൽ സമയം ലഭിച്ചതോടെയാണ് കുറച്ചു ചെടികൾ മാത്രമുണ്ടായിരുന്ന തന്റെ ഭവനത്തെ ഇത്തരമൊരു ഹരിത ഭവനമാക്കി മാറ്റാൻ സാധിച്ചതെന്നു ടീച്ചർ പറഞ്ഞു. ആശയപരമായി ചെടികൾ ക്രമീകരിച്ചതോടെ അവയ്ക്ക് കൂടുതൽ ഭംഗിയും സൗന്ദര്യവും കൈവന്നിട്ടുണ്ട്. വ്യത്യസ്ത തരം പൂക്കളുള്ളതും ഇലച്ചെടികളുമായി പലതരത്തിലുള്ള അഞ്ഞൂറിലധികം ചെടികൾ ഈ അധ്യാപികയുടെ ഉദ്യാനത്തിലുണ്ട്. ആമ്പൽക്കുളവും താമരയും മീനുകളുമായി അങ്ങനെ നീണ്ടു പോകുകയാണ് ഇവിടുത്തെ കാഴ്ച്ചകൾ. വീട്ടിലെ ഉപയോഗശൂന്യമായ വസ്തുക്കൾ ടീച്ചറുടെ കയ്യിൽ എത്തിയാൽ അത് പൂന്തോട്ടത്തിലെ മറ്റൊരു മനോഹരസൃഷ്ടിയായി രൂപമാറ്റം സംഭവിക്കാറുണ്ട്. തിരക്കുകൾക്കിടയിലും മനോഹരമായി പരിപാലിച്ചു ഭംഗിയോടെ നിലനിർത്തിയിരിക്കുകയാണ് ഈ ഉദ്യാനം. 

Photo credits to respective owner