ജാതി വിവേചനത്തിനെതിരെ എം ജി സർവ്വകലാശാലയ്ക്ക് മുൻപിൽ ദീപയുടെ നിരാഹാര സമരം; ഒത്തുതീർപ്പ് ചർച്ച പരാജയം.


കോട്ടയം: ജാതി വിവേചനത്തിനെതിരെ എം ജി സർവ്വകലാശാലയ്ക്ക് മുൻപിൽ നിരാഹാര സമരം നടത്തുന്ന ദീപാ പി മോഹനനുമായി സർവ്വകലാശാല നടത്തിയ ചർച്ച പരാജയം. 2011-12 ൽ നാനോ സയൻസിൽ എംഫിൽ പ്രവേശനം നേടിയെങ്കിലും പ്രോജക്ട് ചെയ്യാനുള്ള സൗകര്യം അനുവദിച്ചില്ലെന്നും തന്റെ ടിസി തടഞ്ഞു വെയ്ക്കുകയും എംഫിൽ സർട്ടിഫിക്കറ്റ് നൽകാതെയും തന്റെ പി എച് ഡി പ്രവേശനം താമസിപ്പിച്ചതായും ദീപ പറയുന്നു.

 

 ഇന്റർനാഷ്ണൽ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ നാനോ സയൻസ് ആൻഡ് ടെക്‌നോളജി ഡയറക്ടർ ഡോ. നന്ദകുമാർ കളരിക്കലിനെ റിസേർച്ച് സെന്ററായ ഇന്റർനാഷ്ണൽ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ നാനോ സയൻസ് ആൻഡ് ടെക്‌നോളജിയിൽ നിന്നും മാറ്റണമെന്നുള്ള ആവശ്യം സർവ്വകലാശാല അംഗീകരിച്ചില്ല. 10 വർഷത്തോളമായി ജാതി വിവേചനത്തിന്റെ പേരിൽ തന്റെ വിദ്യാഭ്യാസ അവകാശം നിഷേധിക്കപ്പെടുകയാണുണ്ടായതെന്നും ദീപ പറഞ്ഞു. ദീപ മുൻപ് സർവ്വകലാശാലയ്ക്ക് നൽകിയ പരാതിയിൽ സിൻഡിക്കേറ്റ് അംഗങ്ങൾ അന്വേഷണം നടത്തുകയും ഡോ.നന്ദകുമാർ കുറ്റക്കാരനാണെന്നു കണ്ടെത്തുകയും ചെയ്തതാണെന്നും ഇപ്പോഴും സർവ്വകലാശാല ഡോ. നന്ദകുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ദീപ പറഞ്ഞു. പി എച് ഡി പ്രവേശനം ലഭിച്ചപ്പോൾ ഇരിക്കാൻ സീറ്റ് നൽകാതെയും ലാബ് സേവനങ്ങൾ ഉപയോഗിക്കാൻ അനുവദിക്കാതെ ഇറക്കി വിടുകയും ഒരിക്കൽ ലാബിൽ പൂട്ടിയിട്ടതായും ദീപയുടെ പരാതിയിൽ പറയുന്നു. ഈ സംഭവത്തിൽ കേസെടുക്കാനും ഗവേഷണം പൂർത്തിയാക്കുന്നതിനാവശ്യമായ ലാബ് സൗകര്യങ്ങൾ ഒരുക്കി നൽകണമെന്നും ഹൈക്കോടതി വിധി വന്നിട്ടും തനിക്കിതെല്ലാം നിഷേധിക്കുകയായിരുന്നു എന്ന് ദീപ പറഞ്ഞു. നന്ദകുമാർ കളരിക്കലിനെ IIUCNN ൽ നിലനിർത്താൻ ഹൈക്കോടതി ഓർഡർ ഉണ്ടെന്ന പച്ചക്കള്ളമാണ് വൈസ്‌ ചാൻസിലർ സാബു തോമസ് പറഞ്ഞത് എന്നും അത്തരമൊരു ഓർഡർ ഉണ്ടെങ്കിൽ അത് പ്രെസ്സ് റിലീസ് വഴി പുറത്തുവിടാൻ സർവ്വകലാശാല തയ്യാറാവണം എന്നും ദീപ പറഞ്ഞു. ഡോ. നന്ദകുമാർ കളരിക്കൽ തുടർന്നാൽ ഗവേഷണം ചെയ്യാൻ സാധിക്കില്ല എന്നും പട്ടിക ജാതി-വർഗ്ഗ പീഡന നിയമപ്രകാരം കേസ് വന്നിട്ടുള്ളതിനാൽ കൂടുതൽ പ്രതികാരമാണ് തന്നോട് കാണിച്ചിട്ടുള്ളത് എന്നും ദീപ പറഞ്ഞു. IIUCNN ൽ നിന്ന് തന്നെ പുറത്താക്കാൻ നിരവധി തവണ സർവ്വകലാശാലയ്ക്ക് കത്ത് കൊടുത്തിട്ടുണ്ട് എന്നും ഹൈക്കോടതി, പട്ടികജാതി പട്ടിക ഗോത്ര വർഗ്ഗ കമ്മീഷൻ ഉത്തരവുകൾ നടപ്പിലാകാത്തതിന് പ്രധാന കാരണവും സെന്ററിലുള്ള ഡോ. നന്ദകുമാറിന്റെ സാനിധ്യമാണ് എന്നും ദീപ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന നിരാഹാര സമരത്തിൽ ദീപയുടെ ആരോഗ്യസ്ഥിതി മോശമായിക്കൊണ്ടിരിക്കുകയാണ്. വിഷയത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണം എന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും സർവ്വകലാശാല ചാൻസലർ കൂടിയായ ഗവർണർ ഉൾപ്പടെയുള്ളവർ ഈ പ്രശ്നം പരിഹരിക്കാൻ ഇടപെടണം എന്നുമാണ് സമരക്കാരുടെ ആവശ്യം. ദീപയോടൊപ്പം സമരസമിതി നേതാക്കളായ റോബിൻ ജോബ്, മൻസൂർ കൊച്ചുകടവ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ഗവേഷണകാലയളവിലെ ദീപയുടെ ഫീസ് ഒഴിവാക്കി നൽകാമെന്നും ഹോസ്റ്റൽ,ലാബ്,ലൈബ്രറി സൗകര്യങ്ങൾ ലഭ്യമാക്കണമെന്നും വൈസ് ചാൻസിലർ ഡോ.സാബു തോമസ് പറഞ്ഞു. ഇപ്പോൾ ഒരാഴ്ചയോളമായി ദീപ എം ജി യൂണിവേഴ്‌സിറ്റിക്ക് മുൻപിൽ നിരാഹാര സമരം ആരംഭിച്ചിട്ട്. ജാതി വിവേചനം നിമിത്തം വിദ്യാഭ്യാസ അവകാശം കഴിഞ്ഞ 10 വർഷമായി നിഷേധിക്കപ്പെട്ട് അതി കഠിനമായ സാഹചര്യത്തിലൂടെയാണ് താൻ ഇന്ന് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത് എന്ന് ദീപ പറഞ്ഞു.