പാത്രിയര്‍ക്കീസ് വിഭാഗം അക്രമം അഴിച്ചുവിടുന്നത് അപലപനീയം - ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ്.


കോട്ടയം: കേസുകളില്‍ പരാജയപ്പെടുമ്പോള്‍ വാശിതീര്‍ക്കാനായി  അക്രമം അഴിച്ചുവിടുന്നത് അപലപനീയമാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്താ.

 

 പാത്രിയര്‍ക്കീസ് വിഭാഗം അക്രമം അഴിച്ചുവിടുവാന്‍ ശ്രമിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇന്നലെ വടവുകോട് സെന്റ് മേരീസ് പള്ളിയില്‍ ഉണ്ടായ സംഭവം. അനധികൃതമായി പള്ളിസെമിത്തേരിയില്‍ പ്രവേശിച്ചതിനെ ചോദ്യം ചെയ്തു എന്ന കാരണത്താല്‍ ഓര്‍ത്തഡോക്‌സ് സഭയുടെ സജീവ പ്രവര്‍ത്തകനായ മറ്റപ്പിള്ളില്‍ സാബുവിനെ വടവുകോട് പള്ളിക്കു സമീപം പൊതുസ്ഥലത്തു വച്ച് പരസ്യമായി ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. തലയ്ക്ക് അടിയേറ്റ സാബുവിനെ ഉടന്‍തന്നെ കോലഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലങ്കരസഭാ ഭരണഘടന അനുസരിച്ച് പ്രസ്തുത പള്ളി ഭരിക്കപ്പെടണമെന്ന് പലപ്രാവശ്യം കോടതികള്‍ ഉത്തരവിട്ടിട്ടുള്ളതാണ്. എന്നാല്‍ കോടതി ഉത്തരവ് നടപ്പാക്കി മുന്നോട്ടു പോകുമ്പോഴും സമാധാന അന്തരീക്ഷത്തിന് ഭംഗം വരുത്തി പള്ളി പൂട്ടിക്കാനുള്ള ശ്രമമാണ് പാത്രിയര്‍ക്കീസ് വിഭാഗം നടത്തുന്നത്. പൊതുസ്ഥലത്ത് അനേകര്‍ നോക്കിനില്‍ക്കെയാണ് ആക്രമണമുണ്ടായത് എങ്കില്‍പ്പോലും ഇതുവരെ പ്രതിയെ കസ്റ്റഡിയില്‍ എടുത്തിട്ടില്ല. മലങ്കരസഭാ തര്‍ക്കം സമാധനപരമായി പരിഹരിക്കണം എന്നു പറയുന്നവര്‍ ഇത്തരത്തിലുള്ള ആക്രമണങ്ങളെ അപലപിക്കാത്തത് എന്തെന്ന് മനസിലാകുന്നില്ല. സമാധാനത്തിനുവേണ്ടി നിലകൊള്ളുമ്പോള്‍ എന്നും സഭയ്ക്ക് ഇത്തരത്തിലുള്ള ആക്രമണങ്ങളാണ് നേരിടേണ്ടി വന്നിട്ടുള്ളത്. പ്രതിയെ എത്രയും വേഗം കസ്റ്റഡിയില്‍ എടുത്ത് നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്ന് പോലീസ് അധികാരികളോട് അഭ്യര്‍ത്ഥിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.