കോട്ടയം നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നാളെ, യുഡിഎഫ് സ്ഥാനാർഥിയായി ബിൻസി സെബാസ്റ്റ്യൻ തന്നെ മത്സരിക്കും.



കോട്ടയം: അനശ്ചിതത്വങ്ങൾക്കൊടുവിൽ കോട്ടയം നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നാളെ നടക്കും. രാവിലെ 11 മണിക്ക് നഗരസഭാ കൗൺസിൽ ഹാളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. യുഡിഎഫ് സ്ഥാനാർഥിയായി ബിൻസി സെബാസ്റ്റ്യൻ തന്നെ മത്സരിക്കും. എൽഡിഎഫ് സ്ഥാനാർത്ഥിയായി ഷീജ അനിലും മത്സരിക്കും. ഭരണ സ്തംഭനം ആരോപിച്ച് യുഡിഎഫ് നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനെതിരെ എൽഡിഎഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടർന്നാണ് കോട്ടയം നഗരസഭയിൽ യുഡിഎഫിന് ഭരണം നഷ്ടമായത്. 52 അംഗ നഗരസഭയിൽ 22 അംഗങ്ങൾ വീതം യുഡിഎഫിനും എൽഡിഎഫിനുമുണ്ട്. ബിജെപി ക്ക് 8 അംഗങ്ങളുമുണ്ട്. എൽഡിഎഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയം ബിജെപി പിന്തുണയോടെ 29 വോട്ടുകളുടെ പിന്തുണയോടെയാണ് പാസായതും യുഡിഎഫിന് ഭരണം നഷ്ടമായതും. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്നും യുഡിഎഫ് അംഗങ്ങൾ വിട്ടുനിന്നിരുന്നു. 22 അംഗങ്ങൾ വീതം എൽഡിഎഫിനും യുഡിഎഫിനും ഉള്ള സാഹചര്യത്തിൽ വീണ്ടും നഗരസഭ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ വീണ്ടും നറുക്കെടുപ്പിന് സാധ്യത കാണുന്നുണ്ട്. കഴിഞ്ഞ തവണ നറുക്കെടുപ്പിൽ ഭാഗ്യം തുണച്ചതോടെ ബിൻസി സെബാസ്റ്റ്യൻ കോട്ടയം നഗരസഭാ അധ്യക്ഷയാകുകയായിരുന്നു. പാർലമെന്ററി പാർട്ടി തീരുമാനപ്രകാരമാണ് ബിൻസി സെബാസ്റ്റ്യനെ തന്നെ യുഡിഎഫ് സ്ഥാനാർഥിയായി തീരുമാനിച്ചത്. കോട്ടയം നഗരസഭയിൽ ഭരണം നിലനിർത്തുമെന്ന് കോട്ടയം ജില്ലാ കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു. ഈരാറ്റുപേട്ട നഗരസഭയ്ക്ക് പിന്നാലെ കോട്ടയം നഗരസഭയിലും യുഡിഎഫ് ഭരണം നിലനിർത്തുമെന്ന ആത്മവിശ്വാസത്തിലാണ്. അതേസമയം നഗരസഭാ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ ബിജെപി പിന്തുണ വേണ്ടെന്ന നിലപാടിലാണ് എൽഡിഎഫ്. ഭരണസ്തംഭനം ആരോപിച്ചു യുഡിഎഫ് ചെയര്പേഴ്സണായ ബിൻസി സെബാസ്റ്റ്യനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ബിജെപി പിന്തുണയോടെയാണ് പാസായത്.