വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.


കോട്ടയം: നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് പ്ലാസ്റ്റിക് നിരോധനം കർശനമാക്കുന്നതിന് പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിന്റെയും ഹരിത കേരള മിഷന്റെയും നേതൃത്വത്തിൽ ക്ഷേത്ര പരിസരത്ത് വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.

 

 സാധനങ്ങൾ വിതരണം ചെയ്യുന്നതിന് പേപ്പർ കവറുകളും ലഘു ഭക്ഷണ വിതരണത്തിന് ഇലകളും ഉപയോഗിക്കാൻ നിർദ്ദേശിച്ചു. കടകളിൽ നിന്നുള്ള അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ ശേഖരിക്കും. പൊതുജനങ്ങൾക്ക് മാലിന്യ നിക്ഷേപിക്കാനായി ജൈവ ബിന്നുകൾ ക്ഷേത്ര പരിസരത്ത് സ്ഥാപിക്കും. പ്ലാസ്റ്റിക് നിരോധനവുമായി സഹകരിക്കാത്ത വ്യാപാരികളിൽ നിന്നും പിഴ അടക്കമുള്ള നടപടികൾ വരുംദിവസങ്ങളിൽ സ്വീകരിക്കുമെന്ന് പഞ്ചായത്ത് താക്കീത് നൽകിയിട്ടുണ്ട്. പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ, വൈസ് പ്രസിഡന്റ് റോയ് മാത്യു,സെക്രട്ടറി അരുൺ കുമാർ, ജൂനിയർ സൂപ്രണ്ട് വി.ആർ. ബിന്ദുമോൻ,വികസനസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രിയ മധുസൂധനൻ, ആരോഗ്യ വിദ്യാഭ്യസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ജീനാ ജേക്കബ്, ഹരിത കേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺ അർച്ചന ഷാജി എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.