ഈരാറ്റുപേട്ട നഗരസഭയിൽ യുഡിഎഫ് വീണ്ടും അധികാരത്തിൽ! ചെയര്പേഴ്സണായി സുഹ്‌റ അബ്‌ദുൾഖാദർ.


ഈരാറ്റുപേട്ട: എൽഡിഎഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയത്തിൽ നഗരസഭാ ഭരണം നഷ്ടമായ യുഡിഎഫ് വീണ്ടും അധികാരത്തിലേക്ക്. ഈരാറ്റുപേട്ട നഗരസഭയിൽ ചെയര്പേഴ്സണായ സുഹ്‌റ അബ്‌ദുൾഖാദറിനെതിരെ എൽഡിഎഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയം വിജയിച്ചിരുന്നു.

 

 തുടർന്നാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. എന്നാൽ ഇന്ന് നടന്ന ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പങ്കെടുത്തില്ല. 14 വോട്ടുകൾ ലഭിച്ചാണ് യുഡിഎഫ് വീണ്ടും അധികാരത്തിലെത്തിയിരിക്കുന്നത്. യുഡിഎഫിന്റെ 13 അംഗങ്ങളുടെ വോട്ടും അവിശ്വാസ പ്രമേയത്തിൽ യുഡിഎഫിൽ നിന്നും കൂറുമാറിയ അൽസന്ന പരീക്കുട്ടിയും യുഡിഎഫിന് വോട്ടു ചെയ്തു. എസ് ഡി പി ഐ സ്ഥാനാർത്ഥിയായി നസീറ സുബൈറും മത്സരിച്ചു. 5 എസ് ഡി പി ഐ അംഗങ്ങളുടെ വോട്ട് നസീറ സുബൈറിന് ലഭിച്ചു. വിജയത്തിൽ അനുമോദിക്കാനായി ജില്ലാ കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് നാട്ടകം സുരേഷ് എത്തിയിരുന്നു. യുഡിഎഫ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനവും നഗരത്തിൽ നടന്നു. കൃത്യമായ ഭൂരിപക്ഷമില്ലാത്തത്തിനാലും സ്വന്തം നിലയിൽ ഭരിക്കാൻ സാധിക്കാത്തത്തിനാലുമാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നത്. യുഡിഎഫ് ഭരണമുണ്ടായിരുന്ന ഈരാറ്റുപേട്ട നഗരസഭയിൽ ചെയർപേർസണായിരുന്ന സുഹ്‌റ അബ്‌ദുൾ ഖാദറിനെതിരെ എൽഡിഎഫ് ആവിശ്വാസ പ്രമേയം കൊണ്ടു വരികയും എസ്ഡിപിഐ പിന്തുണയോടെ ആവിശ്വാസ പ്രമേയം പാസാകുകയുമായിരുന്നു. 28 അംഗ നഗരസഭയിൽ 15 പേരും എൽ.ഡി.എഫ് അവിശ്വാസ പ്രമേയത്തെ പിന്തുണക്കുകയായിരുന്നു. 14 അംഗങ്ങൾ ഉണ്ടായിരുന്ന യുഡിഎഫിൽ നിന്നും ഒരംഗം ആവിശ്വാസ പ്രമേത്തെ അനുകൂലിച്ചു വോട്ട് ചെയ്തിരുന്നു. ഇതോടെ യുഡിഎഫ് അംഗസംഖ്യ 13 ആയി കുറയുകയായിരുന്നു. എൽഡിഎഫിന് 9  അംഗങ്ങളും എസ്ഡിപിഐ ക്ക് 5 അംഗങ്ങളുമാണ് ഉണ്ടായിരുന്നത്.